ന്യൂഡല്‍ഹി: ഇടതുപക്ഷം പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നിലേക്കു പോവുകയും യുഡിഎഫ് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തപ്പോഴും കേരളത്തി...
ന്യൂഡല്‍ഹി: ഇടതുപക്ഷം പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നിലേക്കു പോവുകയും യുഡിഎഫ് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തപ്പോഴും കേരളത്തിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപിക്കു കഴിയുന്നില്ല.
പാര്‍ട്ടി പറയുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ തയ്യാറല്ലാത്തതാണ് തര്‍ക്കത്തിനു പ്രധാന കാരണം. എംടി രമേശും ശോഭാ സുരേന്ദ്രനുമാണ് ഇപ്പോള്‍ പ്രധാനമായും ഇടഞ്ഞുനില്ക്കുന്നത്. പാലക്കാട് മണ്ഡലം തന്നെ വേണമെന്ന വാശിയിലാണ് ശോഭ. എന്നാല്‍, ആറ്റിങ്ങല്‍ കൊടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പാലക്കാട് കിട്ടിയില്ലെങ്കില്‍ മത്സരിക്കുന്നില്ലെന്നു ശോഭ നിലപാടെടുത്തിരിക്കുകയാണ്.
എംടി രമേശിനു കോഴിക്കോടു സീറ്റാണ് നേതൃത്വം പറഞ്ഞിരിക്കുന്നത്. പക്ഷേ, പത്തനംതിട്ട വേണമെന്നാണ് രമേശിന്റെ വാശി. പക്ഷേ, സംസ്ഥാന അദ്ധ്യക്ഷന്‍ പത്തനംതിട്ട ഏതാണ്ട് പറഞ്ഞുറപ്പിച്ചു വച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പത്തനംതിട്ട വിട്ടുകിട്ടാന്‍ സാദ്ധ്യത കുറവാണ്. ബിജെപി പ്രതീക്ഷ വയ്ക്കുന്ന സീറ്റുകളിലൊന്നാണ് പത്തനംതിട്ട.
തനിക്ക് തൃശൂരോ പത്തനംതിട്ടയോ വേണമെന്നാണ് കെ.സുരേന്ദ്രന്റെ വാദം. പത്തനംതിട്ട ശ്രീധരന്‍ പിള്ള പറഞ്ഞുറപ്പിച്ചു വച്ചിരിക്കെ, ശേഷിക്കുന്നത് തൃശൂരാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തൃശൂര്‍ അദ്ദേഹത്തിനു കൊടുക്കേണ്ടിവരും. ഇതിനിടെ പത്തനംതിട്ടയ്ക്കു വേണ്ടി മോഹവുമായി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തിയിട്ടുണ്ട്.
മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
കേരള ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തി. പക്ഷേ, ലിസ്റ്റില്‍ ദേശീയനേതൃത്വത്തിനു തൃപ്തി പോരായിരുന്നു.
കുമ്മനം രാജശേഖരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടിഅദ്ധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയായെങ്കിലും തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. മണിക്കൂറുകള്‍ കഴിയുന്തോറും മറ്റു പലേടത്തും വീണ്ടും തര്‍ക്കമുണ്ടാവുകയും ചെയ്തു.
COMMENTS