സ്വന്തം ലേഖകന്‍ കൊച്ചി: തൊടുപുഴയില്‍ കുരുന്നുകളെ കിരാതമായി പീഡിപ്പിച്ച പ്രതി അരുണ്‍ ആനന്ദ് കുട്ടികളെ ലൈംഗികമായും പീഡിപ്പിച്ചിരുന്നതായ...
സ്വന്തം ലേഖകന്‍
കൊച്ചി: തൊടുപുഴയില്‍ കുരുന്നുകളെ കിരാതമായി പീഡിപ്പിച്ച പ്രതി അരുണ്‍ ആനന്ദ് കുട്ടികളെ ലൈംഗികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും കേസെടുത്തു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് കെ ബി വേണുഗോപാല്‍ പറഞ്ഞു. വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകളാണ് ഇപ്പോള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇളയകുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വീക്കമുണ്ട്. മൂത്ത കുട്ടിയെയും പീഡിപ്പിച്ചിരുന്നതായി അമ്മയില്‍ നിന്നു തന്നെ സൂചന കിട്ടി. പ്രതിയെ ഭയന്നിട്ടാണ് പുറത്തുപറയാതിരുന്നതെന്നും അവര്‍ മൊഴി കൊടുത്തിട്ടുണ്ട്. ഇളയ കുട്ടിയില്‍ നിന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും പീഡനത്തെക്കുറിച്ചു വിവരം കിട്ടിയിരുന്നു.
രണ്ട് കുട്ടികളുടെ ദേഹത്ത് നിരവധി പാടുകളുണ്ട്. മദ്യവും കഞ്ചാവും ഉപയോഗിച്ചിട്ട് പ്രതി കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവാണിതെന്നും ഇതു വളരെ നാളായി നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹതയുണ്ടോ എന്ന് മാറിയ സാഹചര്യത്തില്‍ പൊലീസ് അന്വേഷിക്കും. ഇക്കാര്യത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. ആദ്യഭര്‍ത്താവിന്റെ മരണം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കു ശേഷം യുവതി കുഞ്ഞുങ്ങളുമായി അരുണ്‍ ആനന്ദുമായി ഒളിച്ചോടുകയായിരുന്നു.
പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞുമാറിയ പ്രതി ശാസ്ത്രീയ തെളിവുകള്‍ പൊലീസ് നിരത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിച്ചു.
അറസ്റ്റിലായ കിരാതന്‍ അരുണ്‍ ആനന്ദിനെ ഇവര്‍ താമസിച്ചിരുന്ന കുമാരമംഗലത്തെ വാടകവീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ഇയാളെ ജനം ആക്രമിക്കാതെ സൂക്ഷിക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. തെളിവെടുപ്പിനു ശേഷം പ്രതിയെ പുറത്തിറക്കിയപ്പോള്‍ ജനം അസഭ്യവര്‍ഷവുമായി പാഞ്ഞടുക്കുകയായിരുന്നു.
വ്യാഴാഴ്ച വെളുപ്പിന് ഒന്നരയ്ക്കു കുട്ടികളെ വീട്ടിലിട്ടു പൂട്ടി പ്രതിയും കുട്ടികളുടെ അമ്മയും ഭക്ഷണം കഴിക്കാന്‍ പോയി. മൂന്നു മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയിരുന്നു. ഇതിനിടെ, നാലു വയസ്സുള്ള ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചിരുന്നു. ഇതു ശ്രദ്ധിക്കാതിരിന്നതിനാണ് മൂത്ത കുട്ടിയെ നിലത്തേക്കുയ തൊഴിച്ചു വീഴ്ത്തിയ ശേഷം പ്രതി കാലില്‍ തൂക്കി ചുമരിലിടച്ചത്. ഈ അടിയിലാണ് കുട്ടിയുടെ തലയോട്ടി പൊട്ടി ഗുരുതര നിലയിലായത്. ആ നിലയിലിട്ടും കുട്ടിയെ പിന്നെയും ചവിട്ടിത്തൊഴിച്ചെന്ന് ഇളയ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടു പറഞ്ഞു. ഇളയ കുട്ടിയെയും മൂത്രമൊഴിച്ചതിന്റെ പേരില്‍ പല്ല് അടിച്ചു പൊഴിച്ചിരുന്നു.
ഇതേസമയം, ശസ്ത്രക്രിയ കഴിഞ്ഞു ഗുരുതര നിലയില്‍ കഴിയുന്ന കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത് കോട്ടയത്തുനിന്നെത്തിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം തള്ളി. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ തന്നെയാണെന്നും വെന്റിലേറ്റര്‍ സംവിധാനം തുടരണോ എന്ന് വിദഗ്ദ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ന്യൂറോ വിഭാഗം തലവന്‍ ഡോ. ജി. ശ്രീകുമാര്‍ ഇന്നു രാവിലെ പറഞ്ഞത്.
കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം പൂര്‍ണമായി നിലച്ചിട്ടില്ല. ചെറിയ കുട്ടിയായതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ചെറിയ മാറ്റം വന്നാല്‍ പോലും കുട്ടിയെ ജീവിത്തിലേക്കു തിരിച്ചുപിടിക്കാനായേക്കുമെന്നു ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കുട്ടിയെ രണ്ടു ദിവസം കൂടി വെന്റിലേറ്ററില്‍ കിടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കുട്ടിക്ക് ലഭിക്കുന്ന ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡ് തൃപ്തി രേഖപ്പെടുത്തി. ആശുപത്രി മാറ്റേണ്ട സാഹചര്യമില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്, ന്യൂറോ വിഭാഗങ്ങളിലെ നാലംഗ സംഘം ചികിത്സാ രേഖകള്‍ പരിശോധിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കു റിപ്പോര്‍ട്ട് നല്‍കും.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
Keywords: Arun Anand, Criminal, Jail
COMMENTS