സ്വന്തം നിലയ്ക്ക് പീതാംബരന്‍ കൊലപാതകം നടത്താന്‍ സാധ്യതയില്ല. ഇനി ഒരുപക്ഷേ, കൊല ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെ തന്നെയായിരിക്കു...
സ്വന്തം നിലയ്ക്ക് പീതാംബരന്‍ കൊലപാതകം നടത്താന്‍ സാധ്യതയില്ല. ഇനി ഒരുപക്ഷേ, കൊല ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെ തന്നെയായിരിക്കും. പീതാംബരന്‍ കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കുറ്റം ചയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ഭാര്യ മഞ്ജു
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭത്തില്‍ കുറ്റമേറ്റ പീതാംബരന് സംഭവവുമായി ബന്ധമില്ലെന്നും മറ്റാര്‍ക്കോ വേണ്ടി അദ്ദേഹം കുറ്റമേറ്റെടുക്കുകയാണെന്നും കുടുംബം പറഞ്ഞതോടെ സിപിഎം വീണ്ടും പ്രതിക്കൂട്ടിലായി.
കൊലപാതകം നടന്ന് അധികം കഴിയുന്നതിനു മുന്‍പു തന്നെ പ്രതിയെ പിടികൂടുകയും പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ കുറ്റമേല്‍ക്കുകയും ചെയ്തത് പാര്‍ട്ടിക്ക് തെല്ലൊന്നുല്ല ആശ്വാസം നല്കിയത്.
പാര്‍ട്ടിക്കു കൊലപാതകത്തില്‍ പങ്കില്ലെന്നും താന്‍ വ്യക്തിവൈരാഗ്യം നിമിത്തം കൊല ചെയ്തതാണെന്നും പീതാംബരന്‍ പറഞ്ഞുവെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പീതാംബരന്റെ കുടുംബം ഇങ്ങനെയൊരു നിലപാട് എടുത്തതോടെ പാര്‍ട്ടി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നു.
കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭാര്യ മഞ്ജു മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും മഞ്ജു അടിവരയിട്ടു പറയുന്നു.
കൈയോടെ തന്നെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ വിശദീകരണവുമായി എത്തി. വേദനകൊണ്ടാണ് കുടുംബാംഗങ്ങള്‍ ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും കെ. കുഞ്ഞിരാമന്‍ പറഞ്ഞു.
ഇതു തള്ളിക്കൊണ്ട് മഞ്ജു മറ്റു മാധ്യമങ്ങളോടു സംസാരിച്ചു.
അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പീതാംബരന്റെ വലതു കൈ ഒടിഞ്ഞിരുന്നു. പ്ലാസ്റ്റര്‍ ഇളക്കിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴും കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമുണ്ട്. അങ്ങനെയൊരാള്‍ എങ്ങനെയാണ് തലയ്ക്കടിക്കുന്നതെന്നു മഞ്ജു ചോദിക്കുന്നു.
കഞ്ചാവിന്റെ ലഹരിയിലാണ് കൃപേഷിനെയും ശരത്തിനെയും വെട്ടിയതെന്നു പീതാംബരന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ബീഡി പോലും വലിക്കാത്തയാളാണ് പീതാംബരന്‍. അങ്ങനെയൊരാള്‍ കഞ്ചാവ് വലിച്ചിരുന്നെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും മഞ്ജു വ്യക്തമാക്കി.
പാര്‍ട്ടിയെ നെഞ്ചേറ്റി നടന്നയാളാണ് തന്റെ അച്ഛനെന്നും കഴിഞ്ഞദിവസം തങ്ങളുടെ വീടിനു നേരെ ആക്രമണമുണ്ടായിട്ട് പാര്‍ട്ടിക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പീതാംബരന്റെ മകള്‍ ദേവിക ആരോപിച്ചു.
പീതാംബരന്റെ ആരോഗ്യത്തെ കുറിച്ച് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം ബീഡി വലിക്കുമോ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നും കെ കുഞ്ഞിരാമന്‍ മറുപടി നല്കി. പ്രാഥമിക അംഗത്വത്തില്‍നിന്ന് പീതാംബരനെ സി.പി.എം പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ കൂടാതെ ആറുപേരൈ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കെ.എല്‍ 14 5683 നമ്പര്‍ സൈലോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിക്കര പാക്കം വെളുത്തോളിക്ക് സമീപം ചെറൂട്ടവളപ്പില്‍ കണ്ടെത്തി. എച്ചിലോട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സജി ജോര്‍ജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ നിന്ന് കഴിഞ്ഞ രാത്രിയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ മുഴുവന്‍ കാസര്‍കോട് എസ്.പി ഓഫീസിലെ ക്യാമ്പില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
തന്നെ കൃപേഷും ശരത് ലാലും ആക്രമിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നെന്നും എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു നടപടിയും ഉണ്ടാകാതെ വന്നത് നിരാശയുണ്ടാക്കിയെന്നും ഇതോടെയാണ് കൊലപാതകം സ്വയം ആസൂത്രണം ചെയ്തതെന്നുമാണ് പീതാംബരന്‍ പൊലീസിനു കൊടുത്തിരിക്കുന്ന മൊഴി. അപമാനഭാരം കൊണ്ടുണ്ടായ നിരാശയാണ് കൊലയ്ക്കു കാരണമായതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു.
കേസില്‍ കൃപേഷും പ്രതിയാണെന്നും ഇയാള്‍ക്കെതെരേയും കേസെടുക്കണമെന്നും പീതാംബരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവസമയത്ത് കൃപേഷ് സ്വന്തം വീട്ടിലുണ്ടായിരുന്നുവെന്നു കണ്ടെത്തി പൊലീസ് അദ്ദേഹത്തെ കേസില്‍ പെടുത്താന്‍ വിസമ്മതിച്ചിരുന്നു. പീതാംബരനെ ആക്രമിക്കാന്‍ കൃപേഷ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് സഹായിക്കാതെ വന്നതോടെ വിഷയം പീതാംബരന്‍ പാര്‍ട്ടിയിലും ഉന്നയിച്ചിരുന്നു.
സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരുണ്ടായിരുന്നിട്ടും അന്വഷണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നു പീതാംബരനു പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് കൂട്ടുകാരുമായി കൂടിയാലോചിച്ചു കൊലപാതകം നടത്തിയതെന്നാണ് പീതാംബരന്റെ ഭാഷ്യം.
എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ജനരക്ഷാ യാത്ര നടത്തിക്കൊണ്ടിരിക്കെ തന്നെ നിഷ്ഠുര കൊലപാതകമുണ്ടായത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയിരുന്നു. മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയെ രക്ഷിക്കാനാണോ പീതാംബരനെക്കൊണ്ട് കഥ മെനയിക്കുന്നതെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്.
Keywords: Kasargod, Murder, Kripesh, Sarath Lal, Peethambaran
COMMENTS