1999 കാര്‍ഗില്‍ യുദ്ധത്തില്‍ പോലും ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമിച്ചിരുന്നില്ല അഭിനന്ദ് ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് ...
1999 കാര്‍ഗില്‍ യുദ്ധത്തില്‍ പോലും ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമിച്ചിരുന്നില്ല
അഭിനന്ദ്
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ഇന്നു വെളുപ്പിനു നടത്തിയ ആക്രമണത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഒന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് അധിനിവേശ കശ്മീരിലായിരുന്നുവെങ്കില്‍ ഈ രണ്ടാം സ്‌ട്രൈക് പാക് മണ്ണില്‍ നേരിട്ടു തന്നെയാണ്.
പാകിസ്ഥാനി പ്രവിശ്യയായ മന്‍ഷേരയിലെ ബലാകോട്ടിലെ ഭീകര താവളത്തിലേക്കു ചെന്നാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട മറ്റു രണ്ടു ക്യാമ്പുകളായ ചകോതിയും മുസാഫറാബാദും അധിനിവേശ കശ്മീരില്‍ തന്നെയാണ്. ഒന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിയന്ത്രണരേഖ കടന്ന് കുപ്വാരയ്ക്കും പൂഞ്ചിനുമടുത്തുള്ള ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് നമ്മുടെ സൈനികര്‍ മടങ്ങുകയായിരുന്നു.
പക്ഷേ, ഇക്കുറി ബലാകോട്ട് ആക്രമിച്ചതിലൂടെ പാകിസ്ഥാന് ഇന്ത്യ വ്യക്തമായ സന്ദേശം നല്കിയിരിക്കുകയാണ്. 1971ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാക് പ്രദേശത്തേയ്ക്കു കടന്നുകയറിയത്. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്തു പോലും ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്നുപോയിരുന്നില്ല.
ലോകത്ത് ഒരു രാജ്യവും അതിര്‍ത്തി കടന്നു പോയി ബോംബിടുമ്പോള്‍ അതീവജാഗ്രത പാലിക്കാറുണ്ട്. അതിര്‍ത്തി കടക്കുക എന്നാല്‍ യുദ്ധമെന്നു തന്നെയാണ് അര്‍ത്ഥം.
മാത്രമല്ല, ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിയന്ത്രിത അളവിലെ വെടിക്കോപ്പുകളാണ് ഉപയോഗിച്ചതെങ്കില്‍ ഇക്കുറി മാരകമായ ബോംബു വര്‍ഷം തന്നെ വ്യോമസേന നടത്തിയിരിക്കുന്നു.
1000 കിലോ ഗ്രാം ബോംബിടാന്‍ 12 പോര്‍ വിമാനങ്ങള്‍ പോകേണ്ടതില്ല. 17000 കിലോ ഗ്രാം പേ ലോഡ് വഹിക്കാന്‍ ശേഷിയുള്ളതാണ് ഒരു മിറാഷ് 2000 പോര്‍ വിമാനം. അതിനര്‍ത്ഥം ഇന്ത്യ പാക് പ്രദേശത്ത് കനത്ത ബോംബുവര്‍ഷം തന്നെയാണ് നടത്തിയതെന്നാണ്.
ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അമ്പതോളം ഭീകരരെയാണ് വകവരുത്തിയതെങ്കില്‍ ഇക്കുറി ഇരുനൂറിലേറെ പേരെ സൈന്യം ചുട്ടെരിച്ചു. ഇതില്‍ പാകിസ്ഥാനി സൈനികരും ഉള്‍പ്പെടാന്‍ സാദ്ധ്യതയേറെയാണ്. കാരണം പാകിസ്ഥാനില്‍ ഭീകരര്‍ക്ക് സൈനിക പരിശീലനം നല്കുന്നത് സേനയാണ്. അതുകൊണ്ടു തന്നെ സേനയും ഐ എസ് ഐ ഉദ്യോഗസ്ഥരുമെല്ലാം ഈ താവളങ്ങളിലുണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ട്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്നതിനാല്‍ പാക് സൈനികര്‍ ജാഗ്രതയിലായിരുന്നു. അതുകൊണ്ട് അവരുടെ മരണസംഖ്യ അധികം വന്നേക്കില്ല.
ഇന്ത്യ സാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാക് വ്യോമസേനാ തലവന്‍ മുജാഹിദ് അന്‍വര്‍ ഖാന്‍ രണ്ടു ദിവസം മുന്‍പാണ് വീരവാദം മുഴക്കിയത്. പക്ഷേ, അവരുടെ മണ്ണില്‍ ചെന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി തിരിച്ചു പോന്ന് വളരെ വൈകിയാണ് പാക് വ്യോമസേനയ്ക്കു നടന്നതെന്തെന്നു തന്നെ മനസ്സിലായത്.

Keywords: Indian Air Force, Strike, Terror group, Jaish-e-Mohammed, Balakote, Foreign Secretary, Vijay Gokhale,Tuesday, IAF
COMMENTS