എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണിനു തീപിടിച്ചതിനെ തുടര്‍ന്നു സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്...
എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണിനു തീപിടിച്ചതിനെ തുടര്‍ന്നു സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റും മറ്റും കത്തുന്നതിനാല്‍ പൊട്ടിത്തെറിക്കു സാദ്ധ്യതയുണ്ടെന്നു കണ്ടാണ് സമീപവാസികളെ ഒഴിപ്പിക്കുന്നത്. വലിയൊരു ജനവാസ മേഖലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്.
മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള ഫയര്‍ എന്‍ജിനുകള്‍ എത്തിച്ച് തീയണയ്ക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറത്തെയും അയല്‍ ജില്ലയിലെയും പതിനാറ് ഫയര്‍ യൂണിറ്റുകളും പൊലീസ് സന്നാഹങ്ങളും ട്രോമാകെയര്‍, എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സ് എന്നിവയും സ്ഥലത്തുണ്ട്.
ഇവിടെ, രണ്ട് വാഹനങ്ങള്‍ കത്തി നശിച്ചു. ഗോഡൗണ്‍ കെട്ടിടത്തില്‍ കെമിക്കലുമായി നിര്‍ത്തിയിട്ടിരുന്ന രണ്ടു ടാങ്കറുകളാണ് കത്തിയമര്‍ന്നത്. ഉഗ്രസ്ഫോടനത്തോടെയാണ് ഇവ കത്തിയത്. കൂടാതെ സമീപത്തെ വീട്ടിനടുത്തു നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി.
ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കല്ലിങ്ങാ തൊടിയിലെ പി.പി. ഇല്യാസിന്റെ ഉടമയിലുള്ളതാണ് ഗോഡൗണ്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
പരിസരമാകെ കടുത്ത പുകയില്‍ മൂടിയതോടെ ജനങ്ങള്‍ക്ക് ശ്വാസതടസ്സവും മറ്റും നേരിടുന്നുണ്ട്. ഭൂഗര്‍ഭ അറയില്‍ 181000 ലീറ്റര്‍ ടിന്നര്‍ ഉണ്ടെന്നാണ് കരുതുന്നത്.
COMMENTS