സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിന്റെ പേര...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിന്റെ പേരില്‍ സിപിഎമ്മില്‍ ഉള്‍പ്പോരു മുറുകുന്നു.
പാര്‍ട്ടി എന്തു നിലപാടെടുത്താലും പ്രശ്‌നമില്ലെന്നും എന്നാല്‍ ദേവസ്വം കാര്യങ്ങളുടെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് മുന്‍ നിലപാട് മാറ്റി അവിടെ യുവതികളെ പ്രവേശിപ്പിച്ചേ തീരൂ എന്ന നിലപാടിലേക്കു വന്നതു ശരിയായില്ലെന്നുമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിന്റെ തുടര്‍ച്ചയാണ് ബോര്‍ഡ് നിലപാട് മാറ്റിയ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും ദേവസ്വം കമ്മിഷണറോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ പത്മകുമാര്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ദേവസ്വം കമ്മിഷണര്‍ വാസു സുപ്രീം കോടതിയില്‍ തങ്ങള്‍ നിയോഗിച്ച അഭിഭാഷകനോടു സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഡല്‍ഹിയിലുള്ള വാസു അവിടെനിന്നു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ചെയ്തപ്പോള്‍ പത്മകുമാര്‍ ഇതൊന്നുമറിഞ്ഞില്ല.
ഉച്ചയോടെ പത്മകുമാറിനു പരോക്ഷ മറുപടിയുമായി ദേവസ്വം കമ്മിഷണര്‍ എന്‍. വാസു രംഗത്തു വന്നതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പിന്തുണയുടെ കൂടി ബലത്തിലാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാടിന് എപ്പോഴും ഒരേ നിലപാടു തന്നെയായിരുന്നുവെന്നും നിലപാടൊന്നും മാറ്റിയിട്ടില്ലെന്നും വാസു തുറന്നടിച്ചു.
ഉള്ള നിലപാടു തന്നെയാണ് സുപ്രീം കോടതിയില്‍ അറിയിച്ചത്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പത്മകുമാറിനെ തിരുത്തിക്കൊണ്ടു കമ്മിഷണര്‍ പറഞ്ഞു. സുപ്രീം കോടതി വിധിക്കനുസൃതമായ നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. കോടതി വിധി വന്നിരിക്കെ, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്.
യുവതീ പ്രവേശത്തെ അനുകൂലിച്ചോ എതിര്‍ത്തോ സുപ്രീം കോടതിയില്‍ ബുധനാഴ്ച വാദം നടന്നിട്ടില്ല. സാവകാശ ഹര്‍ജിയിലും കഴിഞ്ഞ ദിവസം വാദം നടന്നില്ല. പുനപ്പരിശോധനാ ഹര്‍ജികളില്‍ മാത്രമാണ് വാദം നടന്നത്.
ബോര്‍ഡ് സാവകാശം തേടിയത് മണ്ഡലകാലത്തിന് മുന്‍പാണ്. ഇനി വിധി നടപ്പാക്കാന്‍ സാവകാശം വേണമോ എന്ന് തീരുമാനിക്കേണ്ടത് ബോര്‍ഡാണെന്നും വാസു പറഞ്ഞു.
ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും പ്രസിഡന്റ് പറയാത്ത ഒരു കാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വാസു വ്യക്തമാക്കി. സുപ്രീം കോടതിലെ വാദങ്ങള്‍ സംബന്ധിച്ച് പത്മകുമാറിന് വിശദീകരണം കൊടുക്കുന്നുണ്ടെന്നും വാസു പറഞ്ഞു.
പത്മകുമാറിനു മുകളിലും ആളുണ്ടെന്നു തന്നെയാണ് വാസു പറയാതെ പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാടാണ് വാസുവും കൂട്ടരും ആവര്‍ത്തിച്ചത്. അതിനു വിരുദ്ധ നിലപാടുമായി തുടരുന്ന പത്മകുമാറിന്റെ കസേര തെറിച്ചേക്കുമെന്നും സൂചനയുണ്ട്.
പത്മകുമാറിനെ മാറ്റി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തലവന്‍ രാജഗോപാലന്‍ നായരെ ബോര്‍ഡ് പ്രസിഡന്റാക്കാനും വാസുവിനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനാക്കാനുമാണ് ആലോചന നടക്കുന്നത്. പത്മകുമാറിനാവട്ടെ ജനരോഷം ഭയന്നു പുറത്തിറങ്ങാന്‍ പോലുമാവാത്ത സ്ഥിതിയുമാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങില്‍ നിന്നു കഴിഞ്ഞ ദിവസം പത്മകുമാര്‍ അവസാന നിമിഷം വിട്ടുനിന്നതും ജനരോഷം ഭയന്നാണെന്നു സൂചനയുണ്ട്.
ഇതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരമൊരു നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത് വിശ്വാസികളുടെ വോട്ടു നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്നും ഇതു കനത്ത തിരിച്ചടിക്കു കാരണമായേക്കുമെന്നും സിപിഎമ്മിലും ഇടതു മുന്നണിയിലും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.
Keywords: Sabarimala, Devaswam Board, Padmakumar
COMMENTS