ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ രാഷ്ട്രം ഭാരതരത്‌ന നല്കി ആദരിച്ചപ്പോള്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും നടന്‍ മോഹന്‍ ലാലിന...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ രാഷ്ട്രം ഭാരതരത്‌ന നല്കി ആദരിച്ചപ്പോള്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും നടന്‍ മോഹന്‍ ലാലിനും പത്മഭൂഷണ്‍ ലഭിച്ചു.
പ്രണബ് മുഖര്‍ജിയെ കൂടാതെ ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, കവിയും ഗായകനുമായ ഡോ. ഭൂപന്‍ ഹസാരിക എന്നിവര്‍ക്കും ഭാരതരത്‌ന ലഭിക്കും. ദേശ്മുഖിനും ഹസാരികയ്ക്കും പക്ഷേ, ഇതു മരണാനന്തര ബഹുമതിയാണ്.
ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ഗായകന്‍ കെ.ജി. ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരം ലഭിക്കും.
നാടന്‍ കലാകാരന്‍ ടീജന്‍ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയില്‍ ഒമര്‍ ഗുല്ല, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിക്കും.
രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണ് പ്തമഭൂഷണ്‍. ഭാരതരത്‌നം, പത്മവിഭൂഷണ്‍ എന്നിവയാണ് ആദ്യരണ്ടു സ്ഥാനങ്ങളിലെ ബഹുമതികള്‍.
മോഹന്‍ലാലും നമ്പിനാരായണനും പുറമേ ഇതുവരെ 31 മലയാളികള്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
ഭാരതരത്‌ന എല്ലായ്‌പ്പോഴും നല്കാറില്ല. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രണ്ടാം തവണയാണ് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്കും ഹിന്ദുമഹാസഭ സ്ഥാപകന്‍ മദന്‍മോഹന്‍ മാളവ്യക്കും 2015 ല്‍ ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജിക്ക് മോഡി സര്‍ക്കാര്‍ ഭാരതരത്‌ന പ്രഖ്യാപിച്ചത് കൗതുകകരമായി. പക്ഷേ, പ്രധാനമന്ത്രി മോഡിയുമായി വളരെയേറെ സൗഹാര്‍ദ്ദപരമായാണ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. ചില അവസരങ്ങളില്‍ മോഡിക്ക് അദ്ദേഹം രാഷ്ട്രീയ ഉപദേശകനുമായിരുന്നു.
മുന്‍പ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും നിശിത വിമര്‍ശകനായിരുന്ന മുഖര്‍ജി, രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
Keywords: Pranab Mukherjee, Bharat Ratna, Mohanlal, Nambi Narayanan
COMMENTS