സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ദേശീയ പണിമുടക്കിനിടെ, എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ ജില്ലാ ട്രഷറി ഓഫീസിലെ ക്...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ദേശീയ പണിമുടക്കിനിടെ, എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇരുവരും കീഴടങ്ങിയിരുന്നു. ഇരുവരെയും ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 24 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഇവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. റിമാന്‍ഡിലാവുകയും സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തതോടെ, ഇരുവരുടെയും സര്‍വീസിനെയും ഇതു ഗുരുതരമായി ബാധിച്ചേക്കും.
എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പെടെ 15 പേര്‍ ഈ സംഭവത്തില്‍ പ്രതികളാണ്. ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ഇതുവരെ കീഴടങ്ങിയത്. മറ്റുള്ളവര്‍ തിരുവനന്തപുരത്തു തന്നെയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രതികളെല്ലാം ഒളിവിലാണ്, കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അജയകുമാര്‍ (സെയില്‍സ്ടാക്‌സ്), അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), ബിജു രാജ് (ആരോഗ്യവകുപ്പ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), വിനുകുമാര്‍ എന്നിവരാണു മുഖ്യപ്രതികള്‍.
കേസ് ശക്തമായി മുന്നോട്ടുകൊണ്ടു പോകാനാണ് എസ്ബി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ഇതു നേതാക്കളുടെ സര്‍വീസിനെ തന്നെ ബാധിച്ചേക്കും. മുന്‍പൊന്നുമില്ലാത്ത വിധത്തിലെ നടപടികളാണ് നേതാക്കള്‍ നേരിടുന്നത്. ഭാവിയില്‍ സമരങ്ങള്‍ക്കിടെ അക്രമം കാട്ടുന്നവര്‍ക്ക് ഇതു താക്കീതുകൂടി ആയി മാറുകയാണ്.
പിടികൂടാനുള്ള എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ പ്രതികളെ അവരുടെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് ഓഫീസ് അധികൃതര്‍ക്ക് പൊലീസ് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക നോട്ടീസ് തിങ്കളാഴ്ച കൊടുക്കുമെന്നറിയുന്നു.
ബാങ്കില്‍ അക്രമം കാട്ടിയവരുടെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ ആര്‍ക്കും രക്ഷപ്പെടാനാവാത്ത സ്ഥിതിയുമാണ്. ഇതിനിടെ, സമരക്കാര്‍ തങ്ങളെ തെറി പറഞ്ഞുവെന്നു കാട്ടി ബാങ്കിലെ വനിതാ ജീവനക്കാര്‍ മറ്റൊരു പരാതിയും പൊലീസിനു കൊടുത്തു. ഇതു കൂടിയാവുന്നതോടെ നേതാക്കള്‍ കൂടുതല്‍ വിഷമവൃത്തത്തിലാവും.
പണിമുടക്കിനിടെ ട്രെയിന്‍ തടഞ്ഞതിനും നേതാക്കള്‍ അഴിയെണ്ണേണ്ട സ്ഥിതിയെത്തിയിരിക്കുകയാണ്. ഇതും കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെ ബാക്കിപത്രമാണ്.
തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിനുകള്‍ തടഞ്ഞതിന് നേതാക്കളുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുറമേ, വന്‍ തുക നഷ്ടപരിഹാരം ഈടാക്കാന്‍ വേറെയും കേസുകളുണ്ടാവും.
ട്രെയിനുകള്‍ തടഞ്ഞതു സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ഡിവിഷന്‍ അധികൃതരോട് റെയില്‍വേ മന്ത്രാലയം ചോദിച്ചിരിക്കുകയാണ്. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടം, ഇന്ധന നഷ്ടം, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് തുടങ്ങിയവയ്‌ക്കെല്ലാം കേസുണ്ടാകും.
സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരും പ്രതികളാണ്. മൂന്നു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാവും ഇവര്‍ക്കെതിരേ ചുമത്തപ്പെടുക. ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കു വരും.
സിസി ടിവി ദൃശ്യങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ടിവി ഫുട്ടേജുമെല്ലാം റെയില്‍വേ സംരക്ഷണ സേന ശേഖരിക്കുന്നുണ്ട്. ഇതെല്ലാം നേതാക്കള്‍ക്കു കെണിയായി മാറും.
Keywords: National Strike, NGO Union, RBI, Railway, Police
COMMENTS