സ്ത്രീ പ്രവേശനത്തെ തുടര്‍ന്നു ശബരിമല നട അടച്ചു തന്ത്രി രാജീവരുടെ കാര്‍മികത്വത്തില്‍ കലശപൂജ നടത്തുന്നു സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിര...
സ്ത്രീ പ്രവേശനത്തെ തുടര്‍ന്നു ശബരിമല നട അടച്ചു തന്ത്രി രാജീവരുടെ കാര്‍മികത്വത്തില്‍ കലശപൂജ നടത്തുന്നു
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബിമരല നട അടച്ചു ശുദ്ധക്രിയയകള്‍ ചെയ്തതിന്റെ പേരില്‍ തന്ത്രിയോടും മേല്‍ ശാന്തിയോടും വിശദീകരണം ചോദിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കര്‍ശന നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, ദേവസ്വം മാന്വലില്‍ ഇത്തരം നടപടികളെക്കുറിച്ചു വിശദീകരിക്കാത്തതിനാല്‍ കേവലം വിശദീകരണം ചോദിപ്പില്‍ ഒതുങ്ങാനാണ് സാദ്ധ്യത.
ഇതേസമയം, സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ നട അടച്ച് ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകരായ ഗീനാ കുമാരി, എ.വി വര്‍ഷ എന്നിവരാണ് ഹര്‍ജിക്കാര്‍. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പിരിച്ചുവിടാനും കഴിയില്ലെന്നും ഇത് സംബന്ധിച്ച എല്ലാ ഹര്‍ജികളും ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി.
ശുദ്ധക്രിയകള്‍ നിര്‍ദ്ദേശിക്കാനും നടത്താനും തന്ത്രിക്ക് അധികാരമുണ്ട്. അതിനെ ബോര്‍ഡിനു ചോദ്യം ചെയ്യാനാവില്ല. എന്നാല്‍, നട അടച്ചതു മാത്രമാണ് ചോദ്യം ചെയ്യാനാവുക. നട അടച്ച നടപടി സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന അനുകൂല വിധിക്ക് എതിരാണെന്നതാണ് ബോര്‍ഡിന്റെ വാദം.
നട അടയ്ക്കാന്‍ പോവുകയാണെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. മറ്റുള്ളവരുമായി കൂടിയാലോചിക്കണമെന്നും സമയം വേണമെന്നു പത്മകുമാര്‍ പറഞ്ഞെങ്കിലും തന്ത്രി വിധിപ്രകാരം നടപടികള്‍ നടത്തുകയാണെന്നു പറഞ്ഞു നട അടയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയകള്‍ക്കു ശേഷമാണ് പിന്നീട് നട തുറന്നത്.
തന്ത്രി കണ്ഠരര് രാജീവരുടെ നിര്‍ദ്ദേശ പ്രകാരം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ഇന്നലെ രാവിലെ 10.30ന് ക്ഷേത്ര നട അടയ്ക്കുകയായിരുന്നു. പഞ്ചപുണ്യാഹവും ശുദ്ധിക്രിയകളും ബിംബശുദ്ധിയും നടത്തി 11.08ന് നട തുറന്നു. 11.22 മുതല്‍ ദര്‍ശനം പുനരാരംഭിച്ചു. തുടര്‍ന്നുള്ള ചടങ്ങുകള്‍ പതിവ്‌പോലെ നടന്നു.
നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണെന്നും ഇതിന് തന്ത്രി കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അരോപിക്കുന്നു.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണെന്നും അതിനാല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രം അടയ്ക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് ബോര്‍ഡ്.
തന്ത്രിയും മേല്‍ശാന്തിയും കൊടുക്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ശക്തമായ നടപടിയെടുക്കണമെന്നാണ് ബോര്‍ഡിനു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. പക്ഷേ, എന്തു നടപടിയെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Keywords: Sabarimala, Lord Ayyappa, Thanthri,Kandaru Rajeevaru, Vasudevan Namboothiri
COMMENTS