അഭിനന്ദ് ന്യൂഡല്‍ഹി : പരമോന്നത നീതിപീഠത്തില്‍ നിന്ന് അനുകൂല വിധി കിട്ടി വിജയീഭാവത്തില്‍ നിന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മണിക്കൂറുക...
അഭിനന്ദ്
ന്യൂഡല്‍ഹി : പരമോന്നത നീതിപീഠത്തില്‍ നിന്ന് അനുകൂല വിധി കിട്ടി വിജയീഭാവത്തില്‍ നിന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മണിക്കൂറുകള്‍ക്കുള്ളില്‍ സംശയത്തിന്റെ നിലയില്ലാക്കയത്തിലേക്കു തലകുത്തി വീഴുന്ന കാഴ്ചയാണ് റഫാല്‍ ഇടപാടിലെ വിധിക്കു ശേഷമുണ്ടായിരിക്കുന്നത്. ചൗകിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തിന്റെ മുനയൊടിയുകയായിരുന്നില്ല, ആ പ്രയോഗം ചാട്ടുളി പോലെയാവുകയാണിപ്പോള്‍. ഒപ്പം രാജ്യത്തെ പരമോന്നത നീതിപീഠം പോലും സംശയനിഴലിലുമായിരിക്കുന്നു.
റഫാല്‍ വിധിയിലെ ഗുരുതരമായ പിഴവുകളാണ് രാജ്യം മുന്‍പൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലെ സംശയനിഴലിലേക്കു പരമോന്നത നീതിപീഠത്തെ എത്തിച്ചിരിക്കുന്നത്. വിധികളില്‍ വസ്തുതാപരമായ പിഴവുണ്ടായിരിക്കെ, തിരുത്താന്‍ പുനഃപരിശോധനാ ഹര്‍ജി മാത്രമാണ് വഴി.
റഫേല്‍ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. സംഭവിച്ചിരിക്കുന്നത് ഗുരുതര പിഴവുകളാണെന്നും കോടതിവിധി ഞെട്ടിച്ചുവെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണും യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രസ്താവനയില്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണാകട്ടെ, രാജ്യത്തെ അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാളും മറ്റു രണ്ടു പേരും മുന്‍ കേന്ദ്രമന്ത്രിമാരും.
മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത വിവരങ്ങളെ കോടതി അപ്പടി വിശ്വസിച്ചതാണ് കോടതിയെ വെട്ടിലാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു തലത്തില്‍ വിവരശേഖരണം നടത്താന്‍ കോടതി തയ്യാറായതുമില്ല.
റഫാല്‍ ഇടപാടിലെ വിലവിവരം സിഎജിയുമായി കേന്ദ്ര സര്‍ക്കാര്‍ പങ്കുവച്ചിട്ടുണ്ടെന്നും സിഎജിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതാണെന്നും വിധിന്യായത്തിന്റെ ഇരുപത്തഞ്ചാം ഖണ്ഡികയില്‍ പറയുന്നു. വിധിന്യായത്തില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ പിഴവ് ഇതാണ്. പ്രതിരോധ സംബന്ധിയായ ഇടപാടായതിനാല്‍ വിവരങ്ങളെല്ലാം പരസ്യപ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഈ ന്യായവാദം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് കോടതിയെ വെട്ടിലാക്കിയിരിക്കുന്നതും.
ഇങ്ങനെയൊരു സിഎജി റിപ്പോര്‍ട്ട് ഇല്ലെന്നിരിക്കെ, ആ റിപ്പോര്‍ട്ട് പബഌക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതാണെന്ന് എങ്ങനെ കോടതി വിധിയില്‍ വന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇവിടെയാണ് സര്‍ക്കാര്‍ കൊടുത്ത രഹസ്യരേഖകളെ കോടതി ആശ്രയിച്ചതുവഴി കോടതി തന്നെ കബളിപ്പിക്കപ്പെട്ടുവെന്നു വ്യക്തമാവുന്നത്. സര്‍ക്കാര്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ടില്‍, എല്ലാം സിഎജിയും പിന്നീട് പിഎസിയും പരിശോധിച്ചുവെന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ടു കൊടുത്തിരിക്കാമെന്നും കോടതി അതു വിശ്വസിച്ചിട്ടുണ്ടാകാമെന്നുമാണ് പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും സംശയിക്കുന്നത്.
സിഎജി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പാര്‍ലമെന്റിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും അതൊരു പരസ്യരേഖയാണെന്നും കോടതി പറയുന്നു. ഇല്ലാത്ത റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നതെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സാധാരണ ഗതിയില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം വിശദപരിശോധനയ്ക്കായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിമുമ്പാകെ വിടുകയാണ് പതിവ്.
കോടതിക്കു പിന്നെയും തെറ്റുപറ്റി. പൊതു മേഖലാ സ്ഥാപനമായ എച്ച് എ എലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ തട്ടിക്കൂട്ടു കമ്പനിയെ ഇടപാടില്‍ ഉള്‍പ്പെടുത്തിയ കാര്യത്തിലും കോടതിയുടെ പരാമര്‍ശം സംശയം ജനിപ്പിക്കുന്നതാണ്. അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിനെയും ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും സഹോദര സ്ഥാപനങ്ങളായാണ് വിധിയില്‍ പറയുന്നത്. ഇതും ഗുരുതര പിഴവായി മാറി. പത്രവാര്‍ത്തകളില്‍ നിന്നാണ് രണ്ടും ഒരു സഹോദര സ്ഥാപനങ്ങളാണെന്നു മനസ്സിലാക്കിയതെന്നും വിധിയില്‍ പറയുന്നു!
32–ാം ഖണ്ഡികയിലാണ് സംഭവിക്കാന്‍ പാടില്ലാത്ത ഈ പിശക്. 2015 ഏപ്രിലിലാണ് റഫാലുമായി മോഡി കരാര്‍ ഒപ്പിട്ടത്. ഇതിനു തൊട്ടു പിന്നാലെയാണ് റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ എന്ന കമ്പനി അനില്‍ അംബാനി പെട്ടെന്നു തട്ടിക്കൂട്ടിയത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനര്‍നിക്ഷേപ കരാര്‍ പൂര്‍ണമായും വിമാന നിര്‍മാണരംഗത്ത് മുന്‍പരിചയുമില്ലാത്ത ഈ കമ്പനിക്ക് ലഭിച്ചു. പൊതു മേഖലാ സ്ഥാപനമായ എച്ച് എ എലിനെ തള്ളി ഇങ്ങനെ ചെയ്തതോടെയാണ് റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന വാദം ശക്തിപ്പെട്ടത്.
അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നാണ്് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചത്. റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ പെട്ടെന്ന് രൂപീകരിക്കപ്പെട്ട കമ്പനിയാണെങ്കിലും മാതൃകമ്പനിയായ റിലയന്‍സുമായി 2012 മുതല്‍ റഫേല്‍ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവരുന്നതായി പത്രക്കുറിപ്പില്‍നിന്ന് ബോധ്യപ്പെടുന്നുണ്ടെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. ഇതാണ് പിഴവായി മാറിയത്.
2012ല്‍ ദസോള്‍ട്ട് ചര്‍ച്ചകള്‍ നടത്തിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസുമായിട്ടാണ് (ആര്‍ഐഎല്‍). ആര്‍ഐഎല്ലിനെ അനിലിന്റെ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന്റെ മാതൃസ്ഥാപനമായി കരുതുകയായിരുന്നു ീഫ് ജസ്റ്റിസ്. ഇതു രണ്ട് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടാണെന്നും കോടതിക്ക് അതില്‍ കാര്യമില്ലെന്നും പരാമര്‍ശിച്ചുകൊണ്ട് അനില്‍ അംബാനിയുടെ വരവിനെ വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് നിസ്സാരവത്കരിച്ചു കാട്ടുന്നത്.
മറ്റൊരു പിഴവ്, വിമാനം വാങ്ങുന്നതിനെക്കുറിച്ചും വിലയെക്കുറിച്ചും വ്യേമാസേനാ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ കോടതി ചോദിച്ചറിഞ്ഞെന്നു വിധിയില്‍ പറയുന്നിടത്താണ്. എന്നാല്‍, കോടതിയില്‍ അത്തരം കാര്യങ്ങളൊന്നും വായുസേനാ ഉദ്യോഗസ്ഥരോടു ചോദിച്ചില്ലെന്നാണ് ഹര്‍ജിക്കാര്‍ പ്രസ്താവനയില്‍
പറയുന്നു. വ്യേമാസേന നിലവില്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചായിരുന്നു ഉദ്യോഗസ്ഥരോടു ചോദിച്ചത്. വിലനിര്‍ണയത്തെക്കുറിച്ച് ഒരു ചോദ്യവുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
രഹസ്യരേഖകളെമാത്രം അടിസ്ഥാനപ്പെടുത്തി വിധി പറയുന്നത് എത്രമാത്രം അപകടകരമാണെന്നതിന് ഉദാഹരണമാണിതെന്ന് പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും പറഞ്ഞു.
വിലവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വ്യോമസേനാ തലവന്‍ വൈമുഖ്യം അറിയിച്ചതായും വിധിയില്‍ പറയുന്നു. ഇങ്ങനെയൊരു ആശയവിനിമയം കോടതി നടപടികളുടെ ഭാഗമായി ഉണ്ടായിട്ടില്ലെന്നും കോടതിക്ക് ഈ വിവരം എവിടെനിന്ന് ലഭിച്ചെന്ന് മനസ്സിലാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
റഫേല്‍ ഇടപാടിനു പിന്നില്‍ അഴിമതിയുണ്ട്. അത് തെളിയിക്കും. ശരിയായ അന്വേഷണം നടന്നാല്‍ നരേന്ദ്ര മോഡിയുടേയും അനില്‍ അംബാനിയുടേയും പേരുകള്‍ പുറത്തുവരും. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് എല്ലാവര്‍ക്കും അറിയാം. മോഡി അനില്‍ അംബാനിയുടെ സുഹൃത്താണ്. അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് തെളിയിക്കും. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഫ്രഞ്ച് പാര്‍ലമെന്റിലാണോ വച്ചത്?
-കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുള്ളൂ. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുന്‍പ് നല്‍കാനാണ് ആലോചിക്കുന്നത്.
-സിഎജി ഓഫീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി
സിഎജിയുടെ റിപ്പോര്‍ട്ട് പിഎഎസി പരിശോധിച്ചെന്നും, റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗമാണ് പാര്‍ലമെന്റിനു നല്‍കിയതെന്നും വിധിന്യായത്തില്‍ പറയുന്നു. റഫാല്‍ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടും ലഭിച്ചതായി പാര്‍ലമെന്റ് രേഖകകളില്ല. റിപ്പോര്‍ട്ട് ലഭിച്ചിട്ടുമില്ല.
- പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിരിക്കെ രാഹുല്‍ ഗാന്ധി മാപ്പുപറയണം.
-ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ
Keywords: India, France, Rafel deal, Rahul Gandhi, narendra Modi
COMMENTS