അഡലെയ്ഡ്: അഡലെയ്ഡ് ടെസ്റ്റില്‍ 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറുന്നു. നാലാം ദി...
അഡലെയ്ഡ്: അഡലെയ്ഡ് ടെസ്റ്റില്‍ 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറുന്നു.
നാലാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 104/4 എന്ന നിലയിലാണ്. ആറു വിക്കറ്റും ഒരു ദിവസവും ബാക്കി നില്‍ക്കെ അവര്‍ക്കു ജയിക്കാന്‍ ഇനി 219 റണ്‍സുകൂടി ആവശ്യമുണ്ട്.
അനുനിമിഷം ബാറ്റിംഗ് ദുഷ്‌കരമാവുന്ന പിച്ചില്‍ ഇന്ത്യന്‍ ബോളര്‍മാരെ കങ്കാരുക്കള്‍ എങ്ങനെ നേരിടുമെന്നു കണ്ടുതന്നെ അറിയണം.
ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആര്‍ അശ്വിന്റെ പന്തില്‍ കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചു പുറത്താകുമ്പോള്‍ ഫിഞ്ച് 35 പന്തില്‍ 11 റണ്‍സാണ് എടുത്തിരുന്നത്.
പിന്നാലെ മാര്‍കസ് ഹാരിസും വീണു. മുഹമ്മദ് ഷമിയുടെ പന്തില്‍ കീപ്പര്‍ പിടിച്ചു പുറത്താകുമ്പോള്‍ 49 പന്തില്‍ 26 റണ്‍സായിരുന്നു ഹാരിസിന്റെ സമ്പാദ്യം. വലിയ പ്രതീക്ഷയായിരുന്ന ഉസ്മാന്‍ ഖ്വാജ 42 പന്തില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് അശ്വിനു മുന്നില്‍ മുട്ടുമടക്കി. രോഹിതാണ് ഖ്വാജയുടെ ക്യാച്ച് എടുത്തത്.
പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് 40 പന്തില്‍ 14 റണ്‍സെടുത്തു പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ചേതേശ്വര്‍ പുജാര പിടിച്ച് കോംബ് പുറത്താവുകയായിരുന്നു.
ഷോണ്‍ മാര്‍ഷ് 31 (92), ട്രാവിസ് ഹെഡ് 11 (37) എന്നിവരാണ് ക്രീസില്‍. ഇവരുടെ കൂടി വിക്കറ്റ് തെറിച്ചാല്‍ പിന്നെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി വരും.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ കങ്കാരുക്കള്‍ 307ന് പുറത്താക്കുകയായിരുന്നു. ആറു വിക്കറ്റ് നേടിയ നഥാന്‍ ലിയോണാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാര (71) ഇക്കുറിയും നിരാശപ്പെടുത്തിയില്ല. അജിന്‍ക്യ രഹാനെ (70)യുടെ ശക്തമായ പിന്തുണയിലാണ് ഇന്ത്യ പൊരുതാവുന്ന ടോട്ടല്‍ ഉയര്‍ത്തിയത്.
151/3 ന് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചതില്‍ പിന്നെ പുജാരയും രഹാനെയും കരുതലോടെ സ്‌കോര്‍ 234 വരെ എത്തിച്ചു. നാലാം വിക്കറ്റില്‍ ഇവര്‍ 87 റണ്‍സ് നേടി. രോഹിത് ശര്‍മ (1) ഇക്കുറിയും വന്നതുപോലെ മടങ്ങി.
ടെസ്റ്റാണ് കളിക്കുന്നതെന്നറിയാതെ ബാറ്റ് വീശിയ ഋഷഭ് പന്ത് 16 പന്തില്‍ 28 റണ്‍സ് എടുത്ത് ലിയോണിന് വിക്കറ്റു സമ്മാനിച്ചു. നാലു ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ കൂറ്റനടിക്കു ശ്രമിച്ചു വീഴുകയായിരുന്നു.
അശ്വിനും (5) വന്നതുപോലെ പോയി. തൊട്ടു പിന്നാലെ രഹാനെയും വീണതോടെ ഇന്ത്യയ്ക്കു വലിയ ടോട്ടല്‍ എന്ന ലക്ഷ്യം നടപ്പില്ലെന്നു വ്യക്തമായി.
മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും സംപൂജ്യരായി മടങ്ങി. മൂന്നു വിക്കറ്റെടുത്ത് ലിയോണിന് മിച്ചല്‍ സ്റ്റാര്‍ക് നല്ല പിന്തുണ കൊടുത്തു.
Keywords: Ashwin, Khawaja, Australia, Adelaide Oval, Rohit, Indian players, Bumrah, Kohli, Marsh, Indian bowlers, Harris , Pant, India captain, Virat Kohli
COMMENTS