അഭിനന്ദ് ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൈകി ചിത്രം തെളിയുമ്പോള്‍ മദ്ധ്യപ്രദേശും ഏതാണ്ട് കോണ്‍ഗ്രസിന് അനുകൂലമായ നിലയിലേക്കു...
അഭിനന്ദ്
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൈകി ചിത്രം തെളിയുമ്പോള്‍ മദ്ധ്യപ്രദേശും ഏതാണ്ട് കോണ്‍ഗ്രസിന് അനുകൂലമായ നിലയിലേക്കു മാറുന്നു. ഛത്തീസ്ഗഢില്‍ ഒറ്റയ്ക്കു ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസ് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഭരണം പിടിക്കുമെന്നാണ് അവസാനവട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഢില്‍ 90ല്‍ 66 സീറ്റ് കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി 17 സീറ്റിലേക്കു ചുരുങ്ങി. 2013ല്‍ 39 സീറ്റായിരുന്നതാണ് കോണ്‍ഗ്രസ് 66 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. 49ല്‍ നിന്നാണ് ബിജെപി 17ലേക്കു ചുരുങ്ങിയിരിക്കുന്നത്.
ഏറെ പ്രതീക്ഷ ജനിപ്പിച്ച മായാവതി-അജിത് ജോഗി സഖ്യം ഏഴു സീറ്റിലൊതുങ്ങി. സ്വതന്ത്രന്‍ ഒരു സീറ്റില്‍ ജയിച്ചു.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മിസോറമില്‍ അവര്‍ തൂത്തെറിയപ്പെട്ടു.
തെലങ്കാനയില്‍ ടിആര്‍എസ് 2014ല്‍ 63 സീറ്റിലായിരുന്നു ജയിച്ചതെങ്കില്‍ ഇപ്പോഴവര്‍ക്ക് 87 സീറ്റുണ്ട്. കോണ്‍ഗ്രസ് 36ല്‍ നിന്ന് 21ലേക്ക് ചുരുങ്ങി. ബിജെപി അഞ്ചില്‍ നിന്ന് ഒരു സീറ്റിലേക്കുതാണു. മറ്റുള്ളവര്‍ പത്തു സീറ്റുകളില്‍ വിജയിച്ചു.
രാജസ്ഥാനില്‍ ബിജെപിയുടെ പതനം ദയനീയമാണ്. 2013ല്‍ 199ല്‍ 163 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി ഇക്കുറി 75 സീറ്റില്‍ ഒതുങ്ങുന്ന മട്ടാണ്. കോണ്‍ഗ്രസാകട്ടെ 21 സീറ്റില്‍ നിന്ന് 98 സീറ്റിലേക്കു കുതിക്കുകയും ചെയ്തു.
മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കുമെന്നാണ് അവസാന സൂചനകള്‍. 114 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപി 108 സീറ്റിലേക്കു ചുരുങ്ങി. 2013ല്‍ 165 സീറ്റിലാണ് ഇവിടെ ബിജെപി വിജയിച്ചത്. അന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം 58 സീറ്റ് മാത്രമായിരുന്നു.
ബിഎസ്പി രണ്ടു സീറ്റിലും മറ്റുള്ളവര്‍ ആറു സീറ്റിലും വിജയിച്ചു. ബിഎസ്പി പിന്തുണയ്ക്കില്ലെന്നിരിക്കെ മദ്ധ്യപ്രദേശില്‍ ബിജെപിക്കു സാദ്ധ്യത മങ്ങുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കില്‍ ഗവര്‍ണറുടെ പിന്തുണയോടെ കുതിരക്കച്ചവടം നടത്തി ഭരണം പിടിക്കാമായിരുന്നു. അതിനും സാദ്ധ്യതയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നത് ബിജെപിയെ വിഷമിപ്പിക്കുന്നു.
COMMENTS