തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിനെ കൊലപ്പെടുത്തിയതിനു ശേഷം ഡിവൈ എസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിന്റെ മകന്‍ അറസ്റ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിനെ കൊലപ്പെടുത്തിയതിനു ശേഷം ഡിവൈ എസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിന്റെ മകന്‍ അറസ്റ്റില്‍.
ഹരികുമാറിന്റെ കൂട്ടുകാരന്‍ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഹരികുമാറിനൊപ്പം ബിനുവിനും രക്ഷപ്പെടാന്‍ കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണെന്നു കണ്ടെത്തിയിട്ടുണ്ട്. അനൂപിനെ ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
അനൂപില്‍ നിന്ന് ഹരികുമാറിന്റെ ഒളസങ്കേതത്തെക്കുറിച്ചു പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാര്‍ ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനു നേരത്തേ പിടിയിലായിരുന്നു.
കൊലപാതകത്തിനു ശേഷം ഹരികുമാറും ബിനുവും എത്തിയത് സതീഷിന്റെ അടുത്തായിരുന്നു.
ഹരികുമാര്‍ തമിഴ്‌നാട്ടിലുണ്ടെന്നാണ് പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പ്രതി താവളം മാറുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം ഹരികുമാര്‍ രക്ഷപ്പെട്ട കാര്‍ കല്ലമ്പലത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഡിവൈ എസ്പിയായതിനാല്‍ ഐജി എസ്. ശ്രീജിത്തിനെയാണ് അന്വേഷണ ചുമതല ഏല്പിച്ചിരിക്കുന്നത്.
ആദ്യം കേസ് അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനു കൈമാറി.
വാക്കുതര്‍ക്കത്തിനിടെ തിങ്കളാഴ്ച രാത്രി ഡിവൈ എസ്പി പിടിച്ചുതള്ളിയ മണലൂര്‍ സ്വദേശി സനല്‍കുമാര്‍ മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. കൊടങ്ങാവിള ജംഗ്ഷനില്‍ രാത്രി ഒന്പതരയ്ക്കു വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി സനല്‍കുമാറും ഡിവൈ എസ്പി ഹരികുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിന്നില്‍ നിന്നു കാര്‍ വരുന്നതു മനസ്സിലാക്കി സനലിനെ ഹരികുമാര്‍ കാറിനു മുന്നിലേക്കു പിടിച്ചു തള്ളുകയായിരുന്നു. കാര്‍ ഇടിച്ചുവീഴ്ത്തിയ സല്‍ കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതും മരണകാരണമായി.
കൊലക്കുറ്റത്തിനാണ് ഹരികുമാറിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം പൊലീസ് കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും സനല്‍ കുമാറിന്റെ ബന്ധുക്കളുടെയും ശക്തമായ പ്രതിഷേധമാണ് ഡിവൈ എസ്പിക്കെതിരേ അന്വേഷണത്തിനു സഹായകമായത്.
Keywords: Neyyattinkara, Murder, Sanal Kumar, Police, Crime, Dy SP, Hari Kumar, Arrest
COMMENTS