കോഴിക്കോട് : വര്‍ഗീയ പ്രചരണം നടത്തിയതിന് അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി ആറു വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കി. എന്നാല്‍, സുപ്രീം ക...
കോഴിക്കോട് : വര്‍ഗീയ പ്രചരണം നടത്തിയതിന് അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി ആറു വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കി. എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതിനായി രണ്ടാഴ്ചത്തേയ്ക്ക് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ അനുവദിക്കുകയും ചെയ്തു.
സ്‌റ്റേ ലഭിച്ചതോടെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും വോട്ടു ചെയ്യുന്നതിനും സാധിക്കും. മുസ്‌ലിം യൂത്ത് ലീഗ് നേതാവായ കെ എം ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറായിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണമെന്ന് ഷാജി ഹര്‍ജി ഫയല്‍ ചെയ്തു. ഇതോടെയാണ് രാവിലെ അയോഗ്യതാ വിധി പറഞ്ഞ ജസ്റ്റിസ് പി ഡി രാജന്‍ ഉച്ചയ്ക്കു വിധിക്കു സ്റ്റേ അനുവദിച്ച് ഉത്തരവായത്. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേയുടെ ഉപാധികള്‍ അന്നു വ്യക്തമാക്കാമെന്നു കോടതി പറഞ്ഞു. വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ പ്രതിനിധി ഇല്ലാതെ മണ്ഡലം പ്രയാസത്തിലാകുമെന്ന ഷാജിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഷാജി ന്യൂനപക്ഷ സമുദായത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് തിരഞ്ഞെടുപ്പ് കാലത്ത് ശ്രമിച്ചുവെന്നായിരുന്നു നികേഷ് കുമാറിന്റെ പരാതി. ഇതു ചട്ടലംഘനമാണെന്നായിരുന്നു നികേഷിന്റെ വാദം. നികേഷ് കുമാറിന് ഷാജി 50000 രൂപ കോടതി ചെലവായി നല്കുകയും വേണം. ഈ തുക രണ്ടാഴ്ചയ്ക്കകം കെട്ടിവയ്ക്കണം.
തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. അഴീക്കോട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പക്ഷേ, ഷാജി അപ്പീലിനു പോകുന്നതോടെ തിരഞ്ഞെടുപ്പ് ഉടനുണ്ടാകാനിടയില്ല.
2462 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം ഷാജി വിജയിച്ചത്. നിയമസഭയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്നും ഷാജിയെ വിലക്കണമെന്ന നികേഷിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
തിരഞ്ഞെടുപ്പു കേസുകളിലെ മുന്‍കാല വിധികള്‍ ചൊവ്വാഴ്ച ഹാജരാക്കാനും നികേഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പു പ്രചരണത്തിന് ഷാജിക്കുവേണ്ടി യുഡിഎഫ് അടിച്ച ആറു വിവാദ ലഘുലേഖകള്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ മനോരമയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ഈ ലഘുലേഖകള്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
മുഹമ്മദീയനായ കെ എം മുഹമ്മദ് ഷാജിക്കു വോട്ടു ചെയ്യണമെന്നു അറബിയിലെഴുതിയ ലഘുലേഖയാണ് കോടതി ഗൗരവത്തിലെടുത്തത്. മുഹമ്മദീയനല്ലാത്തവര്‍ സിറാത്തിന്റെ പാലം കടക്കില്ലെന്നും ഈ ലഘുലേഖയില്‍ പറയുന്നുണ്ടായിരുന്നു. ഇതു വര്‍ഗീയ പ്രചാരണമാണെന്നു കോടതി വിലയിരുത്തി.
Keywords: K.M Shaji, Highcourt, Stay,
COMMENTS