പാലക്കാട് : കേരള സര്‍ക്കാരിനെ വലിച്ചു താഴത്തിടാനുള്ള തടി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്...
പാലക്കാട് : കേരള സര്‍ക്കാരിനെ വലിച്ചു താഴത്തിടാനുള്ള തടി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്ട് പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്തിരിക്കുകയാണ് പിണറായി.
അമിത് ഷായുടെ നിലപാട് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതു കേരളമാണെന്നു മനസ്സിലാക്കി അമിത് ഷാ പ്രതികരിക്കണം. ബിജെപിയുടെ ഒരു തന്ത്രവും ഇവിടെ വിലപ്പോവില്ല.
അമിത് ഷായുടെ വാക്കു കേട്ടുകൊണ്ട് ഇവിടെ കളിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ കളിക്കാനിറങ്ങിയാല്‍ അതൊരു മോശപ്പെട്ട കളിയായി മാറും.
അമിത് ഷായുടെ മിടുക്കൊക്കെ അങ്ങു ഗുജറാത്തില്‍ മതി. നിങ്ങള്‍ക്ക് എടുത്തു കയ്യാളാനുള്ള സാധനമല്ല കേരള സര്‍ക്കാര്‍. നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട് ഇങ്ങനെയൊക്കെ സംസാരിച്ചാല്‍ മതി.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനൊന്നും നോക്കേണ്ട. കേരളം പിടിക്കുമെന്നുപറഞ്ഞ് ജാഥ നടത്തിയിട്ടു പകുതിക്ക് ഇട്ടിട്ടു പോയി. ജനം തിരിഞ്ഞുനോക്കിയില്ല.
ഒട്ടേറ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നാടാണിത്. ഇവിടെ നിങ്ങള്‍ക്കു സ്ഥാനമില്ലെന്നു പിണറായി പറഞ്ഞു.
ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലരുടെ നീക്കം. പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെ ആണെന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല.
വിശ്വാസികളെയല്ല പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികളെയാണ് പിടികൂടിയത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ നോക്കാറില്ല.
സംഘപരിവാര്‍ ശബരിമലയില്‍ ക്രിമിനലുകളെ ഇറക്കി. ആ അക്രമികളാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. അക്രമത്തില്‍ പങ്കെടുത്തവര്‍ തന്നെ അതു പകര്‍ത്തിയിരുന്നു. അതു വച്ചു തന്നെ അവരുടെ പേരില്‍ നടപടിയെടുക്കും.
സാമൂഹിക മുന്നേറ്റമുണ്ടാകുമ്പോള്‍ യാഥാസ്ഥിതികര്‍ അതിനെ തടയാന്‍ ശ്രമിക്കാറുണ്ട്. അതു തന്നെയാണ് സംഘപരിവാര്‍ ചെയ്തതും.
കോടതി വിധി നടപ്പാക്കും. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി മറിച്ചൊരു വിധി പുറപ്പെടുവിച്ചാല്‍ അതും നടപ്പാക്കും. ആരാധനയുടെ കാര്യത്തില്‍ പുരുഷനും സ്ത്രീക്കും തുല്യപ്രാധാന്യം വേണമെന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാട്.
സാമൂഹിക മുന്നേറ്റമുണ്ടാകുമ്പോള്‍ അതില്‍ ഗുണം ലഭിക്കുന്നവരെ തന്നെ അതിനെതിരേ അണിനിരത്തിയ ചരിത്രമുണ്ട്. മാറു മറയ്ക്കല്‍ പ്രക്ഷോഭത്തില്‍ അണിനിരന്നവര്‍ക്കെതിരേ ആ വിഭാഗത്തില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന പ്രക്ഷോഭം നടന്നപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. ജനം എതിരായി. അവസാനം നട തുറന്നു കൊടുക്കേണ്ടി വന്നു, പിണറായി പറഞ്ഞു.
Keywords: Pinarayi Vijayan, Amit Shah, BJP, Sabarimala, Supreme Court
COMMENTS