കൊളംബോ: അട്ടിമറിക്കു തുല്യമായ നീക്കത്തിലൂടെ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയെ പുറത്താക്കിക്കൊണ്ട്, മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ പുതിയ...
കൊളംബോ: അട്ടിമറിക്കു തുല്യമായ നീക്കത്തിലൂടെ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയെ പുറത്താക്കിക്കൊണ്ട്, മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയോഗിച്ചു.
മഹിന്ദ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സത്യപ്രതിജ്ഞയുടെ നീക്കങ്ങള്‍ രഹസ്യമായിട്ടായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം പോലും കൊടുക്കാതെയാണ് പ്രധാനമന്ത്രി റണില്‍ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല പുറത്താക്കിയിരിക്കുന്നത്. പുതിയ പ്രധാനമന്ത്രി രജപക്‌സെയ്ക്കാകട്ടെ ഭൂരിപക്ഷം ഇല്ലതാനും. ഇതോടെ രാജ്യത്തു ഭരണഘടനാ പ്രതിസന്ധി തന്നെ ഉരുണ്ടുകൂടുകയാണ്.
മൈത്രിപാലയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും റെനില്‍ വിക്രമസിംഗെയുടെ യുഎന്‍പിയും ചേര്‍ന്നുള്ള മുന്നണിയായിരുന്നു ഭരണം നടത്തിയരുന്നത്. അപ്രതീക്ഷിതമായി മൈത്രിപാലയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
2015ല്‍ വിക്രമസിംഗെയുടെ പിന്തുണയോടെ ആയിരുന്നു മൈത്രിപാല പ്രസിഡന്റായത്. പല കാര്യങ്ങളിലും സിരിസേനയും വിക്രമസിംഗെയും തമ്മില്‍ അടുത്ത കാലത്തായി കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പ്രസിഡന്റിന്റെ നീക്കമെന്നാണ് കരുതുന്നത്.
മഹിന്ദ രാജപക്‌സെയുടെ കാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യമന്ത്രിയായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് സിരിസേന. അന്നു രാജപക്‌സെയുമായി തെറ്റിപ്പിരിഞ്ഞാണ് പ്രത്യേക കക്ഷി രൂപീകരിച്ച് സിരിസേന മത്സരരംഗത്തിറങ്ങിയതും മഹിന്ദയെ തൂത്തെറിഞ്ഞു പ്രസിഡന്റായതും. രാഷ്ട്രയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന ചൊല്ലിനെ ശരിവച്ചുകൊണ്ടാണ് തന്റെ മുന്‍ മേധാവിയെ സിരിസേന ഇപ്പോള്‍ തനിക്കു കീഴിഴില്‍ പ്രധാനമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്.
- റണില്‍ വിക്രമസിംഗെ
ലങ്കന്‍ ഭരണഘടനയുടെ 19ാം ഭേദഗതി പ്രകാരം ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം കൊടുക്കാതെ പ്രധാനമന്ത്രിയെ മാറ്റാനാവില്ല. അതുകൊണ്ടു തന്നെ വിക്രമസിംഗെയെ മാറ്റിയ നടപടി വലിയ വിവാദത്തിനും നിയമയുദ്ധത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കിയേക്കും.
രാജപക്‌സെ-സിരിസേന കൂട്ടുകെട്ടിന് 95 സീറ്റുകള്‍ മാത്രമാണു തികയ്ക്കാനാവുക. വിക്രംസിംഗെയുടെ യുഎന്‍പി കക്ഷിക്കു മാത്രം 106 സീറ്റുണ്ട്. കേവല ഭൂരിപക്ഷത്തിന് ഏഴ് പേരുടെ കുറവ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കം നിയമപരമല്ല. ഇനി വിക്രമസിംഗെ പക്ഷത്തുനിന്ന് ആളെ വലവീശിപ്പിടിക്കാന്‍ രാജപക്‌സെ ശ്രമിച്ചുകൂടാതെയില്ല.
Keywords: Sri Lanka, Mahinda Rajapakse, Mythripala Sirisena, Ranil Wikramasinghe
COMMENTS