തിരുവനന്തപുരം : തുലാമാസ പൂജയ്ക്കുതന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് സജ്ജീകരണങ്ങള്‍ തയാറാക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു വാര്‍ത്താ...
തിരുവനന്തപുരം : തുലാമാസ പൂജയ്ക്കുതന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് സജ്ജീകരണങ്ങള്‍ തയാറാക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു വാര്‍ത്താലേഖകരോടു പറഞ്ഞു.
സുപ്രീം കോടതിയുടെ അനുകൂല വിധി നിലനില്‍ക്കെ, വരുന്ന സ്ത്രീകളെ തടയാനാവില്ല. പത്തിനും അന്‍പതിനുമിയിലുള്ള സ്ത്രീകള്‍ വന്നാല്‍ തടയാനായി പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവിധാനവും ഒഴിവാക്കും. ഇക്കാര്യങ്ങള്‍ വരുന്ന ബോര്‍ഡ് യോഗം അന്തിമമായി തീരുമാനിച്ചു പ്രഖ്യാപിക്കുമെന്നും വാസു പറഞ്ഞു.
എന്നാല്‍, കമ്മിഷണര്‍ നേരിട്ടു വാര്‍ത്താലേഖകരോടു സംസാരിച്ചതില്‍ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കടുത്ത അതൃപ്തിയിലാണ്. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് ദേവസ്വം മന്ത്രിക്ക് പരാതിയും നല്‍കി.
പമ്പയിലും മലയിലും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ കമ്മിഷണര്‍ മാധ്യമങ്ങളെ കണ്ടത് ശരിയായില്ലെന്നും പത്മകുമാര്‍ ആരോപിച്ചു.
സുപ്രീംകോടതി വിധിക്കെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കമ്മിഷണര്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പത്മകുമാറിന്റെ വാദം. ഇതിനു പിന്നാലെ മന്ത്രിയെ കണ്ട് കമ്മിഷണര്‍ വിശദീകരണം നല്‍കി.
ദേവസ്വം ബോര്‍ഡില്‍ ഭിന്നതയില്ലെന്ന് വാസു പറഞ്ഞു. മന്ത്രിക്കോ പ്രസിഡന്റിനോ അതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേസമയം, ഈ വിഷയത്തില്‍ ബിജെപിയും യുഡിഎഫും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. 2007ലെ ഒരു കേസില്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോള്‍, കമ്മിഷനെ വയ്ക്കുന്നതാകും നല്ലതെന്നായിരുന്നു കോടതിയോടു കേരളം പറഞ്ഞത്. ആ അപേക്ഷയും തള്ളിക്കൊണ്ടാണ് സ്ത്രീ പ്രവേശന വിധി വന്നതെന്നു കടകംപള്ളി വിശദീകരിച്ചു.
സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നല്ല സര്‍ക്കാര്‍ പറഞ്ഞത്. മറിച്ച് വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും ഹിന്ദു മതത്തെ സംബന്ധിച്ച് ആഴത്തില്‍ അറിവുള്ള സമുന്നത വ്യക്തിത്വം അടങ്ങിയ കമ്മിഷനെ വച്ച് ഒരു തീരുമാനമെടുക്കുന്നതാകും ഉചിതമെന്നുമാണ് 2007 ലെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഭരണഘടന ബെഞ്ചാണ് അത് തള്ളി ഇപ്പോള്‍ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നും ഇതിനു സര്‍ക്കാരിനെ പഴിക്കുന്നതെന്തിനെന്നും കടകംപള്ളി ചോദിക്കുന്നു.
ആരെങ്കിലും റിവ്യൂ ഹര്‍ജി കൊടുത്താല്‍ സുപ്രീംകോടതി പുതിയ തീരുമാനമെടുത്താല്‍ ആ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS