കണ്ണൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളെ അടിച്ചമര്‍ത്താനാണു നീക്കമെങ്കില്‍ കേരള സര്‍ക്കാരിനെ താഴെയിറക്കുമെ...
കണ്ണൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളെ അടിച്ചമര്‍ത്താനാണു നീക്കമെങ്കില്‍ കേരള സര്‍ക്കാരിനെ താഴെയിറക്കുമെന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ലെന്ന് അമിത് ഷാ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജജയന്‍ തിരിച്ചടിച്ചു.
ശബരിമല വിഷയത്തില്‍ സമരത്തിനിറങ്ങിയ സാധാരണക്കാരായ സ്ത്രീകളെപ്പോലും സര്‍ക്കാര്‍ തടവില്‍ വയ്ക്കുകയാണ്. അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നത് തീക്കളിയാണ്. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണു നിലവിലെന്നും കണ്ണൂരില്‍ പൊതു യോഗത്തില്‍ അമിത് ഷാ ആരോപിച്ചു.
അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാജ്യത്തെ കോടതികള്‍ പിന്മാറണമെന്നും ശബരിമല വിഷയം മുന്‍നിറുത്തി അമിത് ഷാ പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വം ഭക്തര്‍ക്കൊപ്പമാണ്.
കേരളത്തില്‍ വികസനം സാദ്ധ്യമാക്കാന്‍ ബിജെപിക്കേ കഴിയൂ എന്നും ഇടതു വലതു മുന്നണികള്‍ക്ക് അതിനു ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ ഭക്തന്മാരുടെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാസം 30 മുതല്‍ നവംബര്‍ 12 വരെ കേരളത്തില്‍ സമര പരിപാടികള്‍ നടത്തും. ഈ സമര പരിപാടികളില്‍ എന്‍എസ്എസ്, ബിഡിജെഎസ് , ആര്‍എസ്എസ് എന്നീ സംഘടനകള്‍ പങ്കെടുക്കും. അവര്‍ക്കൊപ്പം കേരളത്തിലെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കേരളത്തില്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അമിത് ഷായെ ഓര്‍മിപ്പിച്ചു.
ജനങ്ങളുടെ വിധിതീര്‍പ്പിലാണ് കേരള സര്‍ക്കാര്‍ ഭരിക്കുന്നത്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് ഷാ നല്‍കിയിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളാകെ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ ശബ്ദമുയര്‍ത്തണം.
മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതിനും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനുമാണ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തുന്നത്.
നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രം കോടതി പറഞ്ഞാല്‍ മതിയെന്ന അമിത് ഷായുടെ നിലപാട് ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ ഉള്ളിലിരിപ്പാണ് വ്യക്തമാക്കുന്നതെന്നും പിണറായി പറഞ്ഞു.
COMMENTS