ശബരിമല: ശബരിമലയില്‍ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നെന്നു കരുതിയ ത്രിവേണി പാലം കണ്ടെത്തിയതോടെ, വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു....
ശബരിമല: ശബരിമലയില്‍ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നെന്നു കരുതിയ ത്രിവേണി പാലം കണ്ടെത്തിയതോടെ, വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ കുന്നുകൂടിയ മണ്ണുനീക്കിയപ്പോഴാണ് പാലം യഥാസ്ഥാനത്തു തെളിഞ്ഞുവന്നത്. ഇതോടെ, അഞ്ചു മണ്ണുമാന്തികള്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിപ്പിച്ചു പാലം തെളിച്ചെടുക്കുകയായിരുന്നു.
പാലം കണ്ടെത്തിയതോടെ, ഇവിടെനിന്നു മണ്ണ് മാറ്റി, നദിയെ പഴയ അവസ്ഥയിലേക്കു കൊണ്ടുവന്നാല്‍ ഭക്തര്‍ക്ക് അക്കരെയ്ക്കുള്ള യാത്ര എളുപ്പമാവും.
നദിയെ പഴയ വഴിയിലൂടെ ഒഴുക്കാനായി മണ്ണു നീക്കിയപ്പോഴാണ് പാലം കണ്ടത്. അഞ്ചര മീറ്റര്‍ ഉയരത്തിലാണ് പാലത്തിനു മുകളിലും സമീപ പ്രദേശത്തും മണ്ണും കല്ലും അടിഞ്ഞുകൂടിയത്. നദി വഴിമാറിപ്പോവുകയും ചെയ്തു.
പമ്പ, കക്കി എന്നീ നദികളുടെ സംഗമസ്ഥാനം ത്രിവേണി പാലത്തിനു മുകളിലായിരുന്നു. ഇപ്പോള്‍ പ്രളയം കഴിഞ്ഞതോടെ നദികള്‍ ഗതിമാറുകയും സംഗമസ്ഥാനം പാലത്തിനു താഴെയായി മാറുകയും ചെയ്തു.
പാലത്തിന്റെ തൂണുകള്‍ക്കിടയിലൂടെ ചാലു വെട്ടി, കക്കി നദിയെ വഴിതിരിച്ചൊഴുക്കാന്‍ ശ്രമം ഭാഗികമായി വിജയിച്ചിട്ടുണ്ട്. പാലം വീണ്ടെടുത്തതോടെ പുതിയ പ്രതീക്ഷ വന്നിട്ടുണ്ട്. പക്ഷേ, പാലത്തിനു ബലക്ഷയമുണ്ടോ എന്ന് ഇനി പരിശോധിച്ചറിയേണ്ടതുണ്ട്.
COMMENTS