ദുബായ്: ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും സെഞ്ചുറിയോടെ കളം നിറഞ്ഞാടിയപ്പോള്‍ പാകിസ്ഥാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കു മുന്നില...
ദുബായ്: ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും സെഞ്ചുറിയോടെ കളം നിറഞ്ഞാടിയപ്പോള്‍ പാകിസ്ഥാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കു മുന്നില്‍ മുട്ടുകുത്തി.
ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 238 റണ്‍സാണ് നേടിയത്. ഈ ലക്ഷ്യം 39.3 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
രോഹിത് ശര്‍മ (119 പന്തില്‍ 111*), ശിഖര്‍ ധവാന്‍ (100 പന്തില്‍ 114) എന്നിവര്‍ ഇന്ത്യയെ അനായാസം ജയത്തിലേക്കു നയിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്കു ഫൈനല്‍ പ്രവേശം ഉറപ്പായി.
ശിഖര്‍-ശര്‍മ കൂട്ടുകെട്ട് 210 റണ്‍സാണ് അടിച്ചെടുത്തത്. അമ്പാട്ടി റായിഡു (12) വിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
പാകിസ്ഥാനെതിരേ ഇന്ത്യയുടെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചാണ് ധവാന്‍ പിരിഞ്ഞത്. രോഹിതിനെ മൂന്നുവട്ടം പാകിസ്ഥാനി ഫീല്‍ഡര്‍മാര്‍ കൈവിട്ടു. അതിന്റെ വില അവര്‍ കൊടുക്കുകയും ചെയ്തു. കരിയറിലെ പത്തൊന്‍പതാം സെഞ്ചുറിയാണ് രോഹിത് ദുബായില്‍ കുറിച്ചത്. എന്നാല്‍, ധവാന്‍ ഒരു പിഴവും വരുത്താതെയാണ് സെഞ്ചുറി നേടിയത്. ഏകദിന കരിയറില്‍ ധവാന്‍ നേടുന്ന പതിനഞ്ചാമത്തെ സെഞ്ചുറിയാണിത്. രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തില്‍ വിജയത്തിനരികെ ധവാന്‍ റണ്ണൗട്ടാകുകയായിരുന്നു.
ഷോയബ് മാലിക്കിന്റെ അര്‍ധസെഞ്ചുറിയാണ് (78 റണ്‍സ്) പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് സ്‌കോര്‍ 24ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖിനെ (10) നഷ്ടമായി. യുസ്വേന്ദ്ര ചാഹലാണ് ഹഖിനെ വീഴ്ത്തിയത്.
നന്നായി ബാറ്റു ചെയ്ത ഫഖര്‍ സമാനെ (31) കുല്‍ദീപ് വീഴ്ത്തി. ബാബര്‍ അസം (9) സര്‍ഫ്രാസ് അഹമ്മദുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. ഇതോടെ പാകിസ്ഥാന്‍ 58/3 എന്ന നിലയിലേക്കു മൂക്കുകുത്തി.
പിന്നീട്, ഒത്തുചേര്‍ന്ന സര്‍ഫ്രാസ് അഹമ്മദുമായി ചേര്‍ന്ന് മാലിക് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 107 റണ്‍സ് നേടി. 165ല്‍ സര്‍ഫ്രാസിനെ (44) കുല്‍ദീപ് പുറത്താക്കി.
സ്‌കോര്‍ 200 ല്‍ എത്തിയ വേളയില്‍ മാലിക്കും മടങ്ങി. 90 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പെടെയായിരുന്നു മാലിക്കിന്റെ ഇന്നിംഗ്‌സ്. പിന്നീട് ആസിഫ് അലി (21 പന്തില്‍ 30) മാത്രമാണ് അല്‌മെങ്കിലും തിളങ്ങിയത്.
ഡെത്ത് ഓവറുകളില്‍ ബുംറ-ചാഹല്‍-ഭുവനേശ്വര്‍ ത്രയം അസാധാരണ പന്തടക്കമാണ് കാട്ടിയത്. ഇതോടെ പാകിസ്ഥാന്‍ തീര്‍ത്തും പ്രതിരോധത്തിലായിപ്പോയി. ബുംറ, ചഹല്‍, യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
COMMENTS