മാനന്തവാടി : ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ...
മാനന്തവാടി : ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് ഏര്‍പ്പെടുത്തിയ വിലക്ക് ജനരോഷത്തെ തുടര്‍ന്ന് സഭ പിന്‍വലിച്ചു.
മാനന്തവാടി രൂപതയിലാണ് സിസ്റ്റര്‍ ലൂസി പ്രവര്‍ത്തിക്കുന്നത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം വിലക്കിയിരുന്നു. വിലക്കിനുള്ള കാരണം പറഞ്ഞിരുന്നുമില്ല.
കാരക്കാമല എഫ്.സി കോണ്‍വന്റെ് അംഗമാണ് സിസ്റ്റര്‍ ലൂസി കളപ്പുര.
ഇന്നു പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഒരു വിഭാഗം വിശ്വാസികള്‍ തള്ളിക്കയറി പ്രതിഷേധിച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്.
സത്യം ജയിച്ചെന്നും നീതി എന്നും നിലനില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. സഭയിലെ അനീതികള്‍ക്കെതിരെ ഇനിയും പോരാടും. ദൈവത്തിന്റെ നീതി വിജയിച്ചു. ഇതിലും വലിയൊരു അഭിമാന നിമിഷമില്ല. സ്‌നേഹത്തിന്റെയും കരുണയുടെയും വിപ്ലവം ജയിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
സത്യം ജയിക്കാന്‍ നിലപാടെടുത്ത വിശ്വാസി സമൂഹത്തോട് അവര്‍ നന്ദി പറഞ്ഞു.
സിസ്റ്റര്‍ ലൂസി മൂന്നു ദിവസം മുമ്പാണ് കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സഭ തയ്യാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു.
നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പം ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുമുണ്ടെന്നും അവരുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിക്കാമെന്നും സിസ്റ്റര്‍ ലൂസി സമരപ്പന്തലില്‍ പറഞ്ഞിരുന്നു.
ഇതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ പ്രധാന കുറ്റമായി ഉയര്‍ത്തിയിരിക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ സഭയെ സിസ്റ്റര്‍ ലൂസി അപഹസിച്ചുവെന്നായിരുന്നു രൂപതയുടെ കുറ്റാരോപണം.
COMMENTS