ദുബായ്: കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ അഫ്ഗാനിസ്ഥാനു മുന്നില്‍ വമ്പന്മാരില്ലാതെ ഇറങ്ങിയ ഇന്ത്യ വലിഞ്ഞിഴഞ്ഞു സമനില പിടിച്...
ദുബായ്: കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ അഫ്ഗാനിസ്ഥാനു മുന്നില്‍ വമ്പന്മാരില്ലാതെ ഇറങ്ങിയ ഇന്ത്യ വലിഞ്ഞിഴഞ്ഞു സമനില പിടിച്ചു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 252 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ഒരു പന്തു ബാക്കിനില്‍ക്കെ എല്ലാ വിക്കറ്റും എതിരാളികള്‍ക്കു സമര്‍പ്പിച്ച് ഇന്ത്യയും 252 റണ്‍സെടുത്ത് കളി സമനിലയിലെത്തിക്കുകയായിരുന്നു.
ലോകേഷ് രാഹുല്‍ 60 (66), അമ്പാട്ടി റായിഡു 57 (49), ദിനേഷ് കാര്‍ത്തിക് 44 (66) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ക്യാപ്ടന്‍ ധോണിക്ക് കാലിടറി. 17 പന്തില്‍ 8 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. മനീഷ് പാണ്ഡെ 8 (15), കേദാര്‍ ജാദവ് 19 (26) എന്നിവര്‍ പതറിയപ്പോള്‍ രവീന്ദ്ര ജഡേജ രക്ഷകനാകുമെന്നു കരുതി. പക്ഷേ, റാഷിദ് ഖാന്റെ പന്തില്‍ നജീബുള്ള പിടിച്ചു 25 (34) ജഡേജ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ദീപക് ചഹര്‍ 12 (14), കുല്‍ദീപ് യാദവ് 9 (11), സിദ്ധാര്‍ത്ഥ് കൗള്‍ 0 (1), ഖലീല്‍ അഹമ്മദ് 1 (1) എന്നിവരുടെ സംഭാവന ഇഴഞ്ഞുള്ള സമനിലയിലേക്കു കാരണമായി.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. 116 പന്തില്‍ 124 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദിന്റെ ഗംഭീര സെഞ്ചുറി അവരുടെ മുന്നേറ്റത്തിന് അടിത്തറ പാകി. മുഹമ്മദ് നബി 56 പന്തില്‍ 64 റണ്‍സുമായി ഷെഹ്‌സാദിനു പിന്തുണയേകി.
65 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഞ്ചു റണ്‍സായിരുന്നു സഹഓപ്പണര്‍ ജാവേദ് അഹ്മദിയുടെ വകയായുണ്ടായത്. 65/0 എന്ന നിലയില്‍നിന്ന് 82/4 എന്ന നിലയിലേക്ക് വീണ ശേഷം അഞ്ചാം വിക്കറ്റില്‍ ഗുല്‍ബാദിന്‍ നയിബിനൊപ്പം ഷെഹ്‌സാദ് കൂട്ടിച്ചേര്‍ത്ത 50 റണ്‍സ് കൂട്ടുകെട്ട് നിര്‍ണായകമായി.
നയിബും ഷെഹ്‌സാദും മടങ്ങിയപ്പോള്‍ നബി ഇന്ത്യന്‍ ബൗളിംഗിനെ മികവോടെ നേരിട്ടു. നാലു സിക്‌സറും മൂന്നു ബൗണ്ടറികളും പറത്തി സ്‌കോര്‍ 244ല്‍ എത്തിച്ചശേഷമാണ് നബി മടങ്ങിയത്.
എം.എസ്.ധോണി ഒരിക്കല്‍ കൂടി നായകനായ മത്സരത്തില്‍ രോഹിത് ശര്‍മ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.
Keywords: India, Afghanistan, Super Four, Asia cup cricket
COMMENTS