ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ ആയിരുന്നു സംസ്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍.
വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യ ചിതക്ക് തീകൊളുത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങള്‍ക്കു സാക്ഷിയാകാനെത്തിയിരുന്നു.
ആറ് എ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അണമുറിയാത്ത പ്രവാഹമായിരുന്നു. രാവിലെ 7.30 മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നു.
രാവിലെ ഒന്‍പതു മണിയോടെ ഭൗതികശരീരം സൈനിക വാഹനത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഒരു മണിയോടെ ബി.ജെ.പി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി യമുനാതീരത്തെ 'സ്മൃതിസ്ഥലി'ല്‍ കൊണ്ടുവന്നു.
വൈകിട്ട് നാലു മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്നലെ വൈകിട്ട് 5.05ന് ഡല്‍ഹി എയിംസിലായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
COMMENTS