തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റു ചികിത്സയില്‍ കഴിയുന്ന പൊലീസുകാരനെതിരേയും ജാമ്യമില്ലാ വകുപ്പിട്ടു കേസെടുത്തു. എഡിജിപി സ...
തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റു ചികിത്സയില്‍ കഴിയുന്ന പൊലീസുകാരനെതിരേയും ജാമ്യമില്ലാ വകുപ്പിട്ടു കേസെടുത്തു.
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയവയാണ് കുറ്റങ്ങള്‍. ഈ കുറ്റങ്ങളായതിനാലാണ് ജാമ്യമില്ലാ വകുപ്പുകള്‍ വേണ്ടിവന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യോഗിക ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറാണ് പ്രതിയായി മാറിയ വാദി.
ഗവാസ്‌കററെ മര്‍ദിച്ചെന്ന പരാതിയില്‍ സ്‌നിഗ്ധയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടിന് കനകക്കുന്നിലായിരുന്നു സംഭവം. എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിന് ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയി.
നടത്തം കഴിഞ്ഞു തിരികെ വരുന്‌പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ തന്നെ ചീത്തവിളിച്ചുവെന്ന് ഗവാസകര്‍ പറയുന്നു. ഇരുവരും തമ്മില്‍ നേരത്തേ തന്നെ വഴക്കിലാണെന്നും ഗവാസ്‌കര്‍ പറയുന്നു.
തന്നെ അകാരണമായി വഴക്കുപറഞ്ഞതോടെ ഗവാസ്‌കര്‍ വണ്ടി റോഡരികില്‍ നിറുത്തിയിട്ടു. ഇതോടെ, സ്‌നിഗ്ദ്ധ വണ്ടിയില്‍ നിന്നിറങ്ങി കാറിന്റെ കീ ചോദിച്ചു. ഔദ്യോഗിക വാഹനമായതിനാല്‍ കീ തരാനാവില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
ഇതോടെ, താന്‍ ഓട്ടോറിക്ഷയില്‍ പൊയ്‌ക്കൊള്ളാമെന്ന് സ്‌നിഗ്ദ്ധ പറഞ്ഞത്രേ. മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാനായി സ്‌നിഗ്ദ്ധ തിരിച്ചെത്തി. ഫോണെടുത്ത് പിന്നില്‍ നിന്ന് ഗവാസ്‌കറുടെ കഴുത്തിനും മുതുകത്തും ഇടിക്കുകയായിരുന്നത്രേ.
ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുതുകത്ത് ഇടിയേറ്റ് ക്ഷതമുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മകളുടെ ഭാഗത്തുനിന്നു നേരത്തേയും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരേ എഡിജിപിയോടു പരാതിപ്പെട്ടിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.
Keywords: Police Driver, Gavaskar, Aryanad, ADGP Sudhesh Kumar, Snigdha
COMMENTS