ദോഹ. സമൂഹങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും അകല്‍ച്ചയും സ്വരച്ചേര്‍ച്ചയില്ലായ്മയും വളരുന്ന സമകാലിക സമൂഹത്തില്‍ സാമൂഹ്യ സൗഹാര്‍ദ്ദം ഊട്...
ദോഹ. സമൂഹങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും അകല്‍ച്ചയും സ്വരച്ചേര്‍ച്ചയില്ലായ്മയും വളരുന്ന സമകാലിക സമൂഹത്തില്‍ സാമൂഹ്യ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണമെന്ന് ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. സ്‌കില്‍സ് ഡവവപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക മാനവികതയും മനുഷ്യത്വവുമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്. സാഹോദര്യവും സമത്വവും പരസ്പരം അടുപ്പിക്കുവാനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുവാനുമാണ് സഹായകമാവേണ്ടത്. ഈ രംഗത്ത് ശക്തമായ വെല്ലുവിളികളുയരുമ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധം ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് നടത്തുന്ന ഏത് ശ്രമവും ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടിലെ മതസൗഹാര്‍ദ്ദം ചില സന്ദര്‍ഭങ്ങളിലൊക്കെ ഭീഷണികളെ അഭിമുഖീകരിക്കുന്നുണ്ട്. മതസൗഹാര്‍ദ്ദം എന്നത് നമുക്ക് പൂര്‍വ്വീകരില്‍ നിന്ന് ലഭിച്ച ഒരു പാരമ്പര്യമാണ്. അത്തരം മഹിത ഗുണങ്ങളെ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി മുറുകെ പിടിക്കണം.
എല്ലാ മതങ്ങളും നന്മയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ അടിസ്ഥാനത്തില്‍ എല്ലാ മതങ്ങളും പരസ്പരമുളള സ്‌നേഹത്തെ, സാഹോദര്യത്തെ, പിന്തുണക്കുന്നവയാണ്. വിശുദ്ധ റമദാനിലെ നോമ്പ് പോലും നിര്‍ബന്ധമാക്കിയിട്ടുള്ളത് കൂടുതല്‍ ദൈവഭക്തരും സര്‍വോപരി നല്ല മനുഷ്യരുമാകാന്‍ വേണ്ടിയാണ്. നിങ്ങളെ മുഴുവനെയും നാം സൃഷ്ടിച്ചിരിക്കുന്നത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നിങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. നിറത്തില്‍ വ്യത്യാസങ്ങളുണ്ട്, ഭാഷയില്‍ വ്യത്യാസങ്ങളുണ്ട്. നാടുകളില്‍ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങളെ ദൈവം നിര്‍ണ്ണയിച്ചിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ് എന്ന ഖൂര്‍ആനിക പ്രഖ്യാപനം ഏകമാനവികതയുടെ വിളംബരമാണ്.
പരസ്പരം തിരിച്ചറിഞ്ഞ്, വൈജാത്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവനവന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുവാനും മറ്റുള്ളവനെ സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുക എന്നതാണ് ശരിയായ ദൈവഭക്തി. ആ ദൈവ ഭക്തിയുടെ അനിവാര്യ ഭാഗമാണ് മനുഷ്യരോട് കൂടുതല്‍ തുറന്ന മനസ്സുള്ളവരാവുക, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വോര്‍സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. ഷാഫി ഹാജി, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അലി ഹസന്‍ ഹുദവി, വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ്, ഡ്രീംസ് 5 മാനേജിംഗ് ഡയറക്ടര്‍ ആലു കെ. മുഹമ്മദ്, സൈന്‍ ഇന്‍ സി.ഇ.ഒ. ഷാന്‍ എന്നിവര്‍ സംസാരിച്ചു.
ക്‌ളിക്കോണ്‍ പ്‌ളാനിംഗ് ആന്റ് ആക്ടിവേഷന്‍ മാനേജര്‍ സലീം മൊഹിദ്ധീന്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബ്ദു, പി.കെ. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ സംബന്ധിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Source: News Agency
COMMENTS