ഷാജി ജേക്കബ് കളി രണ്ടു മിനിറ്റും 56 സെക്കന്‍ഡുമായപ്പോള്‍ ചുവപ്പു കാര്‍ഡ് വാങ്ങിയ കൊളംബിയയെ 2-1നു ഞെട്ടിച്ച് ജപ്പാന്‍ ഏഷ്യയുടെ അഭിമാനം ...
ഷാജി ജേക്കബ്
കളി രണ്ടു മിനിറ്റും 56 സെക്കന്‍ഡുമായപ്പോള്‍ ചുവപ്പു കാര്‍ഡ് വാങ്ങിയ കൊളംബിയയെ 2-1നു ഞെട്ടിച്ച് ജപ്പാന്‍ ഏഷ്യയുടെ അഭിമാനം കാത്തു.ഹാമിഷ് റോഡ്രിഗസിന്റെയും ഫല്‍കാവോയുടെയും കൊളംബിയയെ ജപ്പാന്‍ വിറപ്പിക്കുക തന്നെ ചെയ്തു.
ഒരു ടീമിനുണ്ടാകാവുന്ന ഏറ്റവും ആപത്കരമായ തുടക്കമാണ് കൊളംബിയക്കുണ്ടായത്. മൂന്നു മിനിറ്റു തികയുന്നതിനു മുന്‍പേയാണ് കാര്‍ലോസ് സാഞ്ചസ് ചുവപ്പു കാര്‍ഡ് കണ്ടത്.
Colombia gives the ref some love lol pic.twitter.com/vBKIiAEv6U— Balboa (@arm7219) June 19, 2018
ഉറപ്പായ ഗോള്‍ തടയാനായി സാഞ്ചസ് മനപ്പൂര്‍വം പന്തു കൈ കൊണ്ടു തട്ടുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വേഗമേറിയ ചുവപ്പു കാര്‍ഡാണ് സാഞ്ചസ് വാങ്ങിയത്.
ഇതോടെ കിട്ടിയ പെനാല്‍റ്റി കിക്ക് ഷിന്‍ജി കഗാവ അനായാസം വലയിലെത്തിച്ചു. 39ാം മിനിറ്റില്‍ യുവാന്‍ ക്വിന്റേറോയുടെ സമര്‍ഥമായ ഫ്രീ കിക്ക് ഗോളില്‍ കൊളംബിയ സമനില നേടി.
എന്നാല്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ യൂയാ ഒസാകോ 73ാം മിനിറ്റില്‍ വിജയ ഗോളിലൂടെ കൊളംബിയയെ നിരായുധരാക്കി. യൂറോപ്പില്‍ ജപ്പാന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനെതിരെ ലോകകപ്പില്‍ ജപ്പാന്റെ ആദ്യ വിജയവുമാണിത്.
സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് ഇല്ലാതെയാണ് കൊളംബിയ ഇറങ്ങിയത്. അതിനു പിന്നാലെ മൂന്നാം മിനിറ്റില്‍ തന്നെ 10 പേരുമായി കളിക്കേണ്ടിവന്നതും അവരുടെ ഗതികേടായി. എങ്കിലും പതറാതെ പൊരുതിനിന്നു കൊളംബിയ.
യുവാന്‍ ക്വിന്റേറോയുടെ കൗശലത്തോടെയുള്ള ഫ്രീ കിക്കില്‍ 39ാം മിനിറ്റില്‍ ജാപ്പനീസ് പ്രതിരോധ ഭിത്തി ഉയര്‍ന്നു ചാടിയ തക്കത്തിന് ക്വിന്റേറോ നിലം പറ്റെ പന്തടിക്കുകയായിരുന്നു. വഴുതി നീങ്ങിയ പന്ത് വലയിലാകും മുമ്പ് കൈയിലൊതുക്കാന്‍ ജാപ്പനീസ് ഗോളി കവാഷിമ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല.
Disaster for Colombia and they concede a penalty and Sanchez is show a red card for deliberate hand-ball. #rtesoccer #worldcup #JAP #COL pic.twitter.com/KNWeamg6Kj— RTÉ Soccer (@RTEsoccer) June 19, 2018
പന്തു ഗോള്‍ വര കടക്കും മുമ്പു പിടിച്ചെന്ന് ജപ്പാന്‍ തര്‍ക്കിച്ചെങ്കിലും വീഡിയോ സത്യം വ്യക്തമാക്കി. റോഡ്രിഗസിനു പകരം ഇറങ്ങിയതാണു ക്വിന്റേറോ.
രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ ജപ്പാന്‍ ആഞ്ഞടിച്ചു. അമ്പതാം മിനിറ്റില്‍ കൊളംബിയ ക്വിന്റേറോയ്ക്കു പകരം സാക്ഷാല്‍ റോഡ്രിഗസിനെ ഇറക്കി. പക്ഷേ, ജപ്പാനെ തളയ്ക്കാനായില്ല.
73ാം മിനിറ്റില്‍ ഹോണ്ട ഇടത്തു നിന്ന് എടുത്ത കോര്‍ണറിന് തല വച്ച യൂയാ ഒസാകോയ്ക്കു പിഴച്ചില്ല. നാലു കൊളംബിയന്‍ പ്രതിരോധനിരക്കാരെ ഉയരത്തില്‍ തോല്‍പ്പിച്ചാണ് ഒസാകോ ഹെഡ് ചെയ്തത്. 70ാം മിനിറ്റില്‍ കഗാവയ്ക്കു പകരമിറങ്ങിയ ഹോണ്ട മൂന്നു മിനിറ്റിനുള്ളില്‍ വിജയ ഗോളിനു വഴിയൊരുക്കുകയായിരുന്നു.
കോച്ച് ഹോസെ പെക്കര്‍മാന്‍ ജപ്പാനെ ഗൗരവത്തില്‍ എടുക്കാതിരുന്നതാണ് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. റോഡ്രിഗസിനു വിശ്രമം നല്‍കാനുള്ള തീരുമാനം തന്നെ തെറ്റായിപ്പോയി. രണ്ടാം പകുതിയില്‍ റോഡ്രിഗസിനെ ഇറക്കാന്‍ പെക്കര്‍മാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
തുടക്കത്തിലേ ചുവപ്പു കാര്‍ഡ് കണ്ടതും വലിയ പിഴവായി. 1986 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ യുറുഗ്വായുടെ ബാറ്റിസ്റ്റ 54ാം സെക്കന്‍ഡില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ചുവപ്പു കാര്‍ഡ്.
സാഞ്ചസ് പന്തു കൈ കൊണ്ടു തട്ടാതിരുന്നെങ്കില്‍ ഒരു പക്ഷേ, അതു ഗോളാകുമായിരുന്നു. പിന്നീട് തിരിച്ചടിച്ചാല്‍ മതിയായിരുന്നു.
റോഡ്രിഗസ് ഇല്ലാതെ ഇറങ്ങി തോല്‍വി വില കൊടുത്തു വാങ്ങുകയായിരുന്നു കൊളംബിയ. ഇനി പോളണ്ടും സെനഗലും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലെത്തുക അത്ര എളുപ്പമാവില്ല.
ജാപ്പനീസ് മികവ് കുറച്ചു കാണുകയുമരുത്. മികച്ച പ്രകടനമാണ് കളിയിലുടനീളം ജപ്പാന്‍ കാഴ്ചവച്ചത്. അര്‍ഹിച്ച വിജയം തന്നെ അവര്‍ സ്വന്തമാക്കി.
COMMENTS