സ്വന്തം ലേഖകന്‍ കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് ശ്രീജിത്തിനെ മോചിപ്പിക്കാന്‍ സഹായിക്...
സ്വന്തം ലേഖകന്‍
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് ശ്രീജിത്തിനെ മോചിപ്പിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞു പൊലീസ് 15,000 രൂപ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തല്‍. സി ഐക്കു കൊടുക്കാനെന്നു പറഞ്ഞ് പൊലീസ് ഡ്രൈവര്‍ വാങ്ങിയ തുക, ശ്രീജിത്ത് കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചുകൊടുത്തു പൊലീസ് തലയൂരുകയായിരുന്നു.എന്നാല്‍, കൈക്കൂലി വാങ്ങിയ വാര്‍ത്ത പുറത്തുവന്നതോടെ സിഐയുടെ ഡ്രൈവര്‍ പ്രദീപനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
മൊത്തം 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതില്‍ 15,000 രൂപ ശ്രീജിത്തിന്റെ ബന്ധു പ്രദീപനെ ഏല്പിക്കുകയായിരുന്നു. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇടനിലക്കാര്‍ വഴി പൊലീസ് പണം തിരിച്ചുകൊടുക്കുകയായിരുന്നു.
ഇതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെ കൂടി പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ ഇവരെയും പ്രതി ചേര്‍ത്ത വിവരം പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
അവധിയിലായിരുന്ന എസ്‌ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അന്ന് എസ്‌ഐ അവധിയിലായിരുന്നതിനാല്‍ ഗ്രേഡ് എസ്‌ഐ ജയനന്ദനായിരുന്നു സ്റ്റേഷന്‍ ചുമതല.
കൊലപാതകം നടക്കുമ്പോള്‍ സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്നയാള്‍ എന്ന നിലയ്ക്കാണ് ജയാനന്ദനെ പ്രതിയാക്കിയിരിക്കുന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മറ്റ് മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍.
കേസുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും തീരുമാനം. അന്വേഷണ സംഘം ബുധനാഴ്ച ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു.
സര്‍ക്കാരിന്റെ പ്രതിച്ഛായയെയും നിലനില്പിനെയും പോലും ബാധിക്കുന്ന കേസായതിനാല്‍ ശക്തമായ നടപടിയെടുക്കാനാണ് പൊലീസിനു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. സാധാരണ ഇത്തരം കേസുകളില്‍ സഹപ്രവര്‍ത്തകരെ എങ്ങനെയും രക്ഷിക്കാറുള്ള പൊലീസ് ഇൗ സംഭവത്തില്‍ മറിച്ചൊരു നിലപാടെടുത്തിരിക്കുന്നത് ഭരണതലത്തിലെ കര്‍ശന നിര്‍ദ്ദേശം കാരണം തന്നെയാണ്.
COMMENTS