ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റീസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങള്‍ ചീ...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റീസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റീസ് ഒറ്റയ്ക്ക് തീരുമാനിക്കുന്ന രീതി പുന:പരിശോധിക്കണമെന്നുമുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനും സംശയങ്ങള്‍ ഇല്ലാതാക്കാനും ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റീസ് മാത്രം തീരുമാനിക്കുന്ന രീതി മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ കേസുകള്‍ വിഭജിച്ചുനല്‍കുന്ന കാര്യങ്ങള്‍ തീരുമാനിക്കണം, ഭരണഘടന ബെഞ്ചുകളില്‍ മുതിര്‍ന്ന ജഡ്ജിമാരെ മാത്രമേ ഉള്‍പ്പെടുത്താവൂ തുടങ്ങി ഹര്‍ജിക്കാരനായ അഭിഭാഷകന്‍ അശോക് പാണ്ഡേ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് വിധി പ്രസ്താവം എഴുതിയത്. ഇതില്‍ സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങളിലെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസവും ഉറപ്പുവരുത്താന്‍ ചീഫ് ജസ്റ്റീസിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും, അതിന് ഭരണഘടന നിയോഗിച്ച കാവല്‍ക്കാരനാണ് അദ്ദേഹമെന്നും പറയുന്നു.
കേസുകള്‍ ഏത് ബെഞ്ച് കേള്‍ക്കണമെന്നും ഏതൊക്കെ അഭിഭാഷകരെ ഉള്‍പ്പെടുത്തി ബെഞ്ച് രൂപീകരിക്കണം എന്നതൊക്കെ ചീഫ് ജസ്റ്റീസ് തന്നെയാണ് തീരുമാനിക്കുന്നതെന്നും കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനും ചീഫ് ജസ്റ്റീസിന് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാമെന്നും വിധിയില്‍ പറയുന്നു.
COMMENTS