കോഴിക്കോട്: ജമ്മു കശ്മീരിലെ കഠ്വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന് വ്യാജ...
കോഴിക്കോട്: ജമ്മു കശ്മീരിലെ കഠ്വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന് വ്യാജ പ്രചാരണം നടത്തി മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താലിന് സഹകരിക്കണമെന്ന സന്ദേശം പ്രചരിക്കുന്നത്.
കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ദേശീയപാതയിലൂടെ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം ആളുകള്‍ തടയുന്നതായാണ് വിവരം. പലയിടത്തും പൊലീസെത്തിയാണ് വാഹനം തടഞ്ഞവരെ വിരട്ടിയോടിക്കുന്നത്. മലപ്പുറത്ത് ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഠ്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച ആരും ജോലിക്ക് പോകരുതെന്നും കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും തടയണമെന്നും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഈ സന്ദേശം പ്രചരിച്ചിരുന്നത്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ബേപ്പൂര്‍, വടകര, കിണാശ്ശേരി, കടിയങ്ങാട്, തലയാട്, കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവമ്പ്രം, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്.
വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കോഴിക്കോട്ടെ പ്രധാന ജംഗക്ഷനുകളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ തന്നെ നടന്ന മറ്റൊരു ക്യാംപെയ്‌ന്റെ ഭാഗമായി ഇന്നലെ കേരളത്തിലെ പ്രധാന തെരുവുകളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുവാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഇന്നത്തെ സമരത്തിന് പിന്നില്‍ ഏതു സംഘടനയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
COMMENTS