ചെന്നൈ: കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സെന്ന വിജയലക്ഷ്യം ചെന്നൈ 19.5 ഓവറില്‍ മറികടന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ തുടര്‍ച്ചയായ...
ചെന്നൈ: കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സെന്ന വിജയലക്ഷ്യം ചെന്നൈ 19.5 ഓവറില്‍ മറികടന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചു.
ഷെയ്ന്‍ വാട്‌സണും (42) അന്പാടി റായിഡുവും (39), പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക്
മികച്ച തുടക്കം നല്കി. ഇവര്‍ ഒന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ വാട്‌സണ്‍, റായിഡു, സുരേഷ് റെയ്‌ന (14) എന്നിവര്‍ തുടരെ പുറത്തായതോടെ ചെന്നൈ പ്രതിസന്ധിയിലായി.
ക്യാപ്റ്റന്‍ ധോണിയും (25) ബില്ലിംഗ്‌സണും ഒത്തുചേര്‍ന്ന് അവസരത്തിനൊത്ത് ഉയര്‍ന്ന് കളി വീണ്ടും നിയന്ത്രണത്തിലാക്കി. അവസാന നിമിഷം ബ്രാവോയും ജഡേജയും വെടിക്കെട്ട് പ്രകടനത്തിലൂടെ ജയം കൈപ്പിടിയിലാക്കി.
ചെന്നൈയ്ക്കായി ഷെയ്ന്‍ വാട്‌സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ഷാദുല്‍ ടാക്കൂര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
36 പന്തില്‍ 88 റണ്‍സെടുത്ത ആന്ദ്രേ റസലിന്റെ ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ 202 റണ്‍സെടുത്തത്. റസലിന് പുറമെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (26), റോബിന്‍ ഉത്തപ്പ (29) എന്നിവരും മികച്ച പിന്തുണ കൊടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത കൂറ്റന്‍ അടികളോടെയാണ് തുടങ്ങിയത്.
രണ്ട് സിക്‌സുമായി സുനില്‍ നരൈന്‍ കളം നിറഞ്ഞെങ്കിലും റെയ്‌നയുടെ കൈകളിലെത്തിച്ച് ഹര്‍ഭജന്‍ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നല്കി. പിന്നാലെ വന്നവരെല്ലാം കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു. ഒപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
89 റണ്‍സായപ്പോള്‍ കൊല്‍ക്കത്തയുടെ അഞ്ച് മുന്‍നിര ബാറ്റ്‌സമാന്‍മാര്‍ മടങ്ങിയിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കാര്‍ത്തിക് റസല്‍ സഖ്യമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. കാര്‍ത്തിക് ഒരു ഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍ അപ്പുറത്ത് റസല്‍ നിറഞ്ഞാടി.
പതിനൊന്ന് സിക്‌സും ഒരു ഫോറുമാണ് റസലിന്റെ ബാറ്റില്‍ നിന്നു പറന്നത്. മൂന്ന് ഓവറില്‍ അന്പത് റണ്‍സ് വഴങ്ങിയ ഡ്വെയ്ന്‍ ബ്രാവോ മാനംകെടുകയും ചെയ്തു.
പിന്നീട് അപ്രാപ്യമെന്നു തോന്നിക്കുന്ന ലക്ഷ്യം അനായാസം ചെന്നൈ മറികടക്കുന്നതാണ് കാണാനായത്.
COMMENTS