ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ സ്വാമി ആശാറാം ബാപ്പുവിന് ജീവപര്യന്തം. ബാപ്പുവടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന...
രാജസ്ഥാനിലെ ജോധ്പുരിയില്‍ പട്ടികജാതി - പട്ടിക വര്‍ഗ്ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇന്ന് രാവിലെ വിധി പുറപ്പെടുവിച്ചത്. 2013 ഓഗ്‌സറ്റ് 15നാണ് ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വച്ച് പതിനാറുകാരി പെണ്‍കുട്ടിക്ക് പീഡനം നേരിട്ടത്. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി ആശാറാം ബാപ്പു ബലാത്സംഗം ചെയ്തതായാണ് കേസ്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അശാറാം കുറ്റക്കാരനാണെന്ന വിധി വരുന്നത്
പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആശാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.
ആശാറാം ബാപ്പുവിന്റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. ജോധ്പൂര്‍ ജയിലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം മുപ്പത് വരെ നിരോധനാജ്ഞ തുടരും. ആളുകള്‍ കൂട്ടം ചേരുന്നതിനും ജോഥ്പൂരില്‍ നിരോധനമുണ്ട്. നഗരത്തിലെ ആശാറാമിന്റെ ആശ്രമത്തില്‍ നിന്നും അനുയായികളെ പൊലീസ് ഒഴിപ്പിച്ചു.
നേരത്തെ ദേര സച്ച സൗദ കേസിലെ വിധി ഉത്തരേന്ത്യയില്‍ വലിയ അക്രമങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആക്രമണ സാധ്യത കണക്കിലെടുത്ത് ആശാറാമിന്റെ അനുയായികള്‍ കൂടുതലുള്ള ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത സുരക്ഷയിലാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
COMMENTS