കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാ...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സെന്‍ട്രല്‍ പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അതിനാലാണ് ഇന്ന് ഉത്തരവ് പരിശോധിച്ച ശേഷം കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് വൈദികര്‍, ഇടനിലക്കാരന്‍ സാബു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരായാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
കര്‍ദ്ദിനാളിനെതിരെ ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ പ്രകടമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പൊലീസ് കേസെടുക്കുന്നത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കര്‍ദ്ദിനാളിന്റെ തീരുമാനം.
എന്നാല്‍ കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷവും സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് യോഗം കര്‍ദ്ദിനാളിന് പിന്തുണയുമായി രംഗത്തുവന്നു. കേസില്‍ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കര്‍ദ്ദിനാല്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ കര്‍ദ്ദിനാള്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സിനഡ് വിലയിരുത്തിയത്.
രാജ്യത്തെ നിയമങ്ങളും, കാനോനിക നിയമങ്ങളും പാലിച്ചാണ് ഭൂമി ഇടപാട് നടത്തിയതെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡില്‍ നിലപാടെടുത്തു.
പാലക്കാട്, തൃശൂര്‍, ചങ്ങനാശ്ശേരി, കോട്ടയം എന്നീ അതിരൂപതകളിലെ ബിഷപ്പുമാരാണ് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര സിനഡ് യോഗത്തില്‍ പങ്കെടുത്തത്.
ഭൂമി ഇടപാട് സഭയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നത് ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയ സിനഡ്, എന്നാല്‍ ഇടനിലക്കാരന്റെയും ഭൂമി വാങ്ങിയവരുടെയും ഭാഗത്തെ പിഴവാണ് ഇതിന് കാരണമെന്നും കര്‍ദ്ദിനാള്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നു.
കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ സിനഡ് ചേര്‍ന്ന സഭാ ആസ്ഥാനത്ത് പ്രതിഷേധവും നടത്തി.
COMMENTS