തിരുവനന്തപുരം: വര്‍ക്കലയില്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ് കളക്ടര്‍ ദിവ്യ.എസ് അയ്യരുടെ...
തിരുവനന്തപുരം: വര്‍ക്കലയില്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ് കളക്ടര്‍ ദിവ്യ.എസ് അയ്യരുടെ നടപടി വിവാദത്തിലാകുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയെ തുടര്‍ന്ന് കളക്ടര്‍ വാസുകി ഫയലുകള്‍ പരിശോധനയ്ക്കായി വിളിപ്പിച്ചു.
വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് ഇങ്ങനെ പുറമ്പോക്ക് വിവാദം ഉണ്ടായിരിക്കുന്നത്. നിയമം അനുസരിച്ച് നോട്ടീസ് നല്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. റോഡരികിലെ കണ്ണായ ഭൂമിയില്‍ പൊലീസ്സ്റ്റേഷന് പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ.ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് പരാതി തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ തഹസില്‍ദാരുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. തീരുമാനമെടുക്കും മുന്‍പ് തഹസില്‍ദാരോട് അന്വേഷിക്കാന്‍ സബ് കളക്ടര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വിശദീകരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഫയലുകള്‍ വിളിപ്പിച്ച് പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
COMMENTS