കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിന് വീഴ്ത്തിക്കൊണ്ട്, ഇന്ത്യ നിദഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി...
കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിന് വീഴ്ത്തിക്കൊണ്ട്, ഇന്ത്യ നിദഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്കു പകരംവീട്ടി.
ലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മഴ നിമിത്തം 19 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ലങ്ക ഒന്പതു വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ആദ്യ ഓവറില്‍ 15 റണ്‍സെടുത്തുകൊണ്ട്, ഇന്ത്യന്‍ ക്യാപ്ടന്റെ തീരുമാനം തെറ്റെന്നു സ്ഥാപിക്കാന്‍ ലങ്ക ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ക്കു കാലിടറി. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഗുണതിലകെ (17)യെ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തി ഇന്ത്യയ്ക്കു ബ്രേക് നല്കി. വൈകാതെ കുശാല്‍ പെരേര മൂന്നു റണ്‍സെടുത്ത് സുന്ദറിനു മുന്നില്‍ മുട്ടുമടക്കി.
പിന്നീടുവന്ന കുശാല്‍ മെന്‍ഡിസ്-ഉപുല്‍ തരംഗ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 62 റണ്‍സെടുത്ത് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു. തരംഗ (22)യെ വിജയ് ശങ്കര്‍ ബൗള്‍ഡാക്കി. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മെന്‍ഡിസ് (38 പന്തില്‍ 55) വീണതോടെ ലങ്കയുടെ നില പരുങ്ങലിലായി. തിസാര പെരേര (15), ഷനക (19) എന്നിവര്‍ക്കു മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായത്.
ശാര്‍ദുര്‍ താക്കുര്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും വിജയ് ശങ്കര്‍, യുസ്വേന്ദ്ര ചാഹല്‍, ജയ്‌ദേവ് ഉനാദ്ഘട് എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (11) വീണ്ടും പരാജയമാകുന്നത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ ശിഖര്‍ ധവാന്‍ (8) കൂടി വീണതോടെ ഇന്ത്യ 22/2 എന്ന നിലയിലായി.
തുടര്‍ന്ന് കെ.എല്‍.രാഹുല്‍ (18), സുരേഷ് റെയ്‌ന (27) എന്നിവര്‍ ചെറുതെങ്കിലും അവസരത്തിനൊത്തുയര്‍ന്നു ടീമിനു സഹായം നല്കി. അഞ്ചാം വിക്കറ്റില്‍ മനീഷ് പാണ്ഡെ-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു.
ദിനേശ് കാര്‍ത്തിക് 39 റണ്‍സ് നേടി പുറത്താകാതെനിന്നു. ലങ്കയ്ക്കായി അഖില ധനഞ്ജയ രണ്ടു വിക്കറ്റ് വീഴ്ത്തി.
മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യ നാല് പോയിന്റുമായി മുന്നിലെത്തി.
COMMENTS