സുദേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ ന്യൂഡല്‍ഹി: അന്യമതക്കാരനായ മൊബൈല്‍ ഷോപ്പ് ഉടമയുമായുള്ള അടുപ്പത്തിന്റെ പേരില്‍ 15 വയസ്സുള്ള മകളെ ...
സുദേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: അന്യമതക്കാരനായ മൊബൈല്‍ ഷോപ്പ് ഉടമയുമായുള്ള അടുപ്പത്തിന്റെ പേരില്‍ 15 വയസ്സുള്ള മകളെ അച്ഛന്‍ കഴുത്തറുത്തു കൊന്നശേഷം മൃതദേഹം കുപ്പയില്‍ തള്ളി.
പെണ്‍കുട്ടിയുടെ അച്ഛന്‍ സുദേഷ് കുമാറിനെ അറസ്റ്റു ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ. സിംഗ്ല പറഞ്ഞു.
സിസിടിവി കാമറയുടെ സഹായത്തോടെയാണ് കേസിനു പൊലീസ് അതിവേഗം തുമ്പുണ്ടാക്കിയത്. പൊലീസ് തെളിവുസഹിതം പിടികൂടിയപ്പോള്‍ നില്ക്കക്കള്ളിയില്ലാതെ 40കാരനായ സുദേഷ് കുമാര്‍ സത്യം തുറന്നു പറയുകയായിരുന്നു.
കിഴക്കന്‍ ഡല്‍ഹിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവുമായി മകള്‍ പ്രണയത്തിലായത് അറിഞ്ഞ് അച്ഛന്‍ വിലക്കിയിരുന്നു. പക്ഷേ, പെണ്‍കുട്ടി യുവാവുമായി അടുപ്പം തുടര്‍ന്നു. കഴിഞ്ഞ ദിവസം കരാവല്‍ നഗറിലെ വീട്ടില്‍ നിന്ന് എന്തോ വാങ്ങാനായി മകള്‍ പുറത്തേയ്ക്കു പോയി. പോകുന്നത് കാമുകനെ കാണാനാണെന്നു സംശയം തോന്നിയ സുദേഷ് കുമാര്‍ കഠാരയുമായി മകളെ പിന്തുടര്‍ന്നു.
പ്രതീക്ഷിച്ചതുപോലെ മകളെയും കാമുകനെയും ഒരുമിച്ചു കണ്ടു. ഇതോടെ, കാമുകന്‍ ഓടി രക്ഷപ്പെട്ടു. മകളെ അനുനയത്തില്‍ വണ്ടിയില്‍ കയറ്റിയ സുദേഷ് കുമാര്‍ ട്രോണിക്ക സിറ്റിയിലെ ആളൊഴിഞ്ഞ ഇടത്തേയ്ക്കു മകളെ കൊണ്ടുപോയി. അവിടെവച്ച് മകളുടെ കഴുത്തു മുറിക്കുകയും നെഞ്ചിലും മുഖത്തം ആഴത്തില്‍ കുത്തി മുറവേല്‍പ്പിക്കുകയും ചെയ്തു.
മകളുടെ മൃതദേഹം കുപ്പക്കൂനയില്‍ ഉപേക്ഷിച്ച ശേഷം രക്തം പറ്റിയ തന്റെ വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും കുപ്പക്കൂനയില്‍ ഉപേക്ഷിച്ചു. പിന്നീട് വീട്ടിലെത്തിയ സുദേഷ് കുമാര്‍, മകളെ കാണാനില്ലെന്നുപറഞ്ഞു പൊലീസിനു പരാതി കൊടുത്തു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുത്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ചില സിസിടിവി ദൃശ്യങ്ങളില്‍ സുദേഷ് കുമാര്‍ മോട്ടോര്‍ ബൈക്കില്‍ മകളുമായി പോകുന്നത് പൊലീസ് കണ്ടു. ഇതോടെയാണ് ഇയാളെ സംശയം തോന്നിയത്.
തുടര്‍ന്ന് പൊലീസ് സുദേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് മോട്ടോര്‍ ബൈക്കും ഹെല്‍മറ്റും പിടിച്ചെടുത്തു.
മൃതദേഹം സംസ്‌കരിച്ച ശേഷമാണ് സുദേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു. തെളിവുകള്‍ കാട്ടിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് മകളെ കൊന്നതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ സുദേഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു.
Keywords: Honour Killing, Delhi, Girl, Murder
COMMENTS