കൊച്ചി: സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടുന്നതു വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തി...
കൊച്ചി: സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടുന്നതു വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. ലൈറ്റ് മെട്രോയുടെ പ്രാരംഭ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല.
സംസ്ഥാനത്ത് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപവീതം ചെലവുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ലൈറ്റ് മെട്രോയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറഞ്ഞത്. 2014 ലാണ് സര്‍ക്കാര്‍ ലൈറ്റ് മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് ഉത്തരവിറക്കിയത്. പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കമ്പനിക്ക് ഒരു ജോലിയുമില്ലാതെ ഇത്ര തുക ചെലവാക്കാനാകില്ല. അതിനാല്‍ പിന്മാറുന്നതായി കാണിച്ച് കഴിഞ്ഞമാസം കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതില്‍ നിന്നും ഡി.എം.ആര്‍.സിയെ മാറ്റി മറ്റ് ഏജന്‍സികളെ പദ്ധതി ഏല്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നതായി അറിഞ്ഞു. അതോടെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെങ്കില്‍ പോലും ഒരു കണ്‍സള്‍ട്ടന്റ് വേണം. ഡി.എം.ആര്‍.സിയെ ആവശ്യമില്ല എന്നൊരു നിലപാടാണ് ഉയരുന്നത്. തലശ്ശേരി മൈസൂര്‍ റെയില്‍വേ ലൈന്‍ അപ്രായോഗികമാണെന്ന് ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതാണ് സര്‍ക്കാര്‍ ഡി.എം.ആര്‍.സിയുമായി ഇടയാന്‍ കാരണമായതെന്നും ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. വിദേശത്ത് പലയിടങ്ങളില്‍ പോയാണ് ഇതിനായി പഠനം നടത്തിയത്. നിലവില്‍ ഡി.എം.ആര്‍.സി അല്ലാതെ വേറെ ഒരു സ്ഥാപനത്തിനും ഇത്രയും സാങ്കേതിക ജ്ഞാനമില്ല. രണ്ട് പ്രോജക്ടുകളും അവസാനിപ്പിച്ച് സംസ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്നും എന്നാല്‍ സര്‍ക്കാറിനോട് പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15 ഓടെ ഓഫീസുകള്‍ പൂട്ടും. ജീവനക്കാരെ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരെ തിരികെ അയച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
COMMENTS