അഭിനന്ദ് ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടായി തുടരുന്ന ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ത്തു വിട്ടതിന്റെ ക്രെഡിറ്റ് ബ...
അഭിനന്ദ്
ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടായി തുടരുന്ന ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ത്തു വിട്ടതിന്റെ ക്രെഡിറ്റ് ബിപ്ലവ് കുമാര്‍ ദേബ് എന്ന 48 കാരനാണ്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ദേബ് തന്നെയായിരിക്കും ത്രിപുരയുടെ അടുത്ത മുഖ്യമന്ത്രിയും.
ബിജെപി സംസ്ഥാന പ്രസിഡന്റാണ് ദേബ്. അഗര്‍ത്തലയിലെ ബനമലിപുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് ദേബ് വിജയിച്ചിരിക്കുന്നത്.
ത്രിപുരയിലെ 25 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയും 20 വര്‍ഷമായി മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന മണിക് സര്‍ക്കാരിന്റെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിപ്പിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റും ബിജെപി നല്കുന്നത് ദേബിനു തന്നെയാണ്.
കുറഞ്ഞകാലം കൊണ്ട് ത്രിപുരയിലെ ഏറ്റവും ജനപ്രിയ നേതാവായി ഉയരാനായി എന്നതാണ് ദേബിനെ വ്യത്യസ്തനാക്കുന്നത്. മണിക് സര്‍ക്കാരിനെക്കാള്‍ ദേബിനു ജനസമ്മതിയുണ്ടെന്ന് മിക്ക അഭിപ്രായ സര്‍വേകളും വ്യക്തമാക്കുകയും ചെയ്തിരുന്നു.
രാം മാധവും ബിപ്‌ളവ് ദേവും അഗര്‍ത്തലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുന്‍ സന്നദ്ധപ്രവര്‍ത്തകനായ ദേബ്, ല്‍ഹിയിലെ പ്രൊഫഷണല്‍ ജിം ഇന്‍സ്ട്രക്ടറായിരുന്നു. ഉന്നത പഠനത്തിനായി ഡല്‍ഹിയിലെത്തിയ ദേബ് അവിടെനിന്നാണ് തൊഴില്‍ എന്ന നിലയില്‍ ജിമ്മിലേക്കു തിരിഞ്ഞത്. ഇതിനിടെയാണ് ആര്‍എസ്എസ്സുമായി അടുപ്പമുണ്ടാക്കിയത്.
ആര്‍എസ്എസ് നേതാക്കളായ സുനില്‍ ദെഹാര്‍ഹാര്‍, കെ.എന്‍. ഗോവിന്ദാചാര്യ എന്നിവരുടെ ശിഷ്യത്വത്തിലാണ് ദേബ് രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ചത്. മധ്യപ്രദേശിലെ സത്‌ന ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗണേഷ് സിങ്ങിനൊപ്പവും പ്രവര്‍ത്തിച്ചു.
2016 ല്‍ പാര്‍ട്ടി പ്രസിഡന്റായി ത്രിപുരയിലേക്ക് പോകുമ്പോള്‍ നേതൃത്വം ഏല്പിച്ച ജോലി, ഭരണം പിടിക്കുക എന്നതു മാത്രമായിരുന്നു. 2018ല്‍ ദേബ് അതു സാദ്ധ്യമാക്കിയതില്‍ നേതൃത്വത്തിനും അതിശയമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാവാത്ത കക്ഷി എന്ന നിലയില്‍ നിന്നാണ് ബിജെപിയെ ഭരണസാരദ്ധ്യത്തില്‍ ദേബ് എത്തിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ തന്ത്രങ്ങളും ജയം സാദ്ധ്യമാക്കുന്നതില്‍ നിര്‍ണായകമായി മാറി.
കോണ്‍ഗ്രസ് വിട്ടുവന്ന ഹിമന്ദ ബിശ്വാസ് ശര്‍മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയില്‍ തന്നെ ഒരു വിഭാഗം നേരത്തേ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ആ നീക്കം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മുളയിലേ നുള്ളി. ആദ്യം തിരഞ്ഞെടുപ്പു ജയിക്കൂ, പിന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്നായിരുന്നു ഷാ നിര്‍ദ്ദേശിച്ചത്.
ദേബിന്റെ ഭാര്യ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരാണ്. രണ്ടു മക്കളുണ്ട്.
Keywords: BJP, CPM, Tripura, Agarthala, Biplab Deb, Ram Madhav
COMMENTS