പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ജഡ്ജിക...
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ദിലീപ്(24), ബിനേഷ് (23), അനീഷ് (29) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചതിനും, സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതിനും മാരകമായ രീതിയില്‍ മുറിവേല്‍പ്പിച്ചതിനും പ്രതികള്‍ക്കെതിരെ വേവ്വേറെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഈ വകുപ്പുകള്‍ ശക്തമായതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
ബസിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ആക്രമദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാവുകയും സംഭവത്തിനെതിരെ വന്‍ജനരോഷമുയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇടപെട്ട കെ.എസ്.ആര്‍.ടി.സി എം.ഡി എ.ഹേമചന്ദ്രന്‍ ശക്തമായ നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ശക്തമായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറെ മുണ്ടൂരിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.
വിവാഹസംഘത്തിന്റെ വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
COMMENTS