സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് കേരള സര്‍ക്കാരിനു മുന്നറിയിപ്പു കൊടുത്തത...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് കേരള സര്‍ക്കാരിനു മുന്നറിയിപ്പു കൊടുത്തതെന്നു സമ്മതിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒരു മണിക്കൂറിനുള്ളില്‍ വാക്കു മാറ്റിപ്പറഞ്ഞു.ഓഖിയെക്കുറിച്ചു നേരത്തേ തന്നെ കേരളത്തിനു മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നാണ് വിഴിഞ്ഞത്ത് മാദ്ധ്യമപ്രവര്‍ത്തകരോടു കണ്ണന്താനം മാറ്റിപ്പറഞ്ഞത്. കണ്ണന്താനത്തിന്റെ കുറ്റസമ്മതം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിന്റെ അതൃപ്തി കേന്ദ്രത്തില്‍ നിന്ന് എത്തിയതിനു പിന്നാലെയാണ് മന്ത്രി വാക്കുമാറ്റിയതെന്നാണ് അറിയുന്നത്.
പ്രകൃതിക്ഷോഭമുണ്ടാവുമെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് തന്നെ കേരളത്തെ അറിയിച്ചിരുന്നുവെന്നും 30ന് കൊടുത്തത് ചുഴലിക്കാറ്റിന്റെ വിശദാംശങ്ങളായിരുന്നുവെന്നുമാണ് കണ്ണന്താനം മാറ്റിപ്പറഞ്ഞിരിക്കുന്നത്. തന്റെ തന്നെ ഒരു മണിക്കൂര്‍ മുന്‍പുള്ള വാക്കുകളെ അദ്ദേഹം പൂര്‍ണമായി വിഴുങ്ങുകയായിരുന്നു.
മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പോയി. മാത്രമല്ല, കാറ്റിന്റെ ദിശ നിര്‍ണയിക്കുന്നതിലും ശാസ്ത്രജ്ഞര്‍ക്കു വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കണ്ണന്താനം വിഴിഞ്ഞത്തേയ്ക്കു പോയത്.
ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ഇത്തരമൊരു സാഹചര്യത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടത്ര തുക കേരളത്തിന് കേന്ദ്രം കൊടുത്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും തുക നല്കുമെന്നും കണ്ണന്താനം പറഞ്ഞു.
കടലില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ വടക്കന്‍ തീരമേഖലയിലേക്കും നടത്തും. കണ്ടെത്താനുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
COMMENTS