അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യം മാത്രമല്ല, ലോകമാകെ ചര്‍ച്ചചെയ്ത കോടതി വ്യവഹാരത്തിനൊടുവില്‍ അഖില എന്ന ഹാദിയ ഇന്നു സേലത്തേക്കു പഠനം തുടരാനായ...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യം മാത്രമല്ല, ലോകമാകെ ചര്‍ച്ചചെയ്ത കോടതി വ്യവഹാരത്തിനൊടുവില്‍ അഖില എന്ന ഹാദിയ ഇന്നു സേലത്തേക്കു പഠനം തുടരാനായി യാത്രതരിക്കുകയാണ്. മകള്‍ ഇപ്പോഴും കൈവിട്ടുപോയിട്ടില്ലെന്ന ആശ്വാസത്തില്‍ അച്ഛനമ്മമാരും യുവതിയെ വീട്ടുതടങ്കലിനു സമാനമായ സ്ഥിതിയില്‍ നിന്നു മോചിപ്പിച്ചെന്ന ആശ്വാസത്തില്‍ ഷെഫിന് ജഹാനും നാട്ടിലേക്കു തിരിക്കുകയാണ്.സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന്, മെഡിക്കല്‍ പഠനം തുടരുന്നതിനായി സേലത്തേക്ക് പുറപ്പെടുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും ഹാദിയ ആവര്‍ത്തിച്ചു.
കേരള ഹൗസില്‍ നിന്ന് ഉച്ചക്ക് 11ന് പൊലീസ് സുരക്ഷയില്‍ പ്രത്യേക കാറിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഹാദിയ വന്നത്. 1.20നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് പോകും. അവിടെനിന്ന് റോഡ് മാര്‍ഗം സേലത്തേക്ക് പോകും.
ഇതേസമയം, നിയമപോരാട്ടത്തില്‍ ഇതുവരെ വിജയിച്ചത് താനാണെന്ന് അച്ഛന് അശോകന് പറഞ്ഞു. മകള്‍ പഠനം തുടരുന്നതില്‍ സന്തോഷമേയുള്ളു. അവളുടെ സുരക്ഷയെ കുറിച്ച് ഇപ്പോള്‍ ആശങ്കയില്ല. സുപ്രീം കോടതി അവള്‍ക്ക് നല്ല സുരക്ഷയാണ് ഉറപ്പുകൊടുത്തിരിക്കുന്നത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും അശോകന് പറഞ്ഞു.
ഇതേസമയം, ഹാദിയ വീട്ടുതടങ്കലിലെന്നോണമാണ് കഴിഞ്ഞതെന്നും അവിടെ നിന്നു മോചിപ്പിച്ചതില്‍ ആശ്വാസമുണ്ടെന്നും ഹോസ്റ്റലില്‍ ഹാദിയയെ കാണുന്നതിന് അനുമതി തേടുമെന്നും ഷെഫിന് ജഹാന് പറഞ്ഞു.
Keywords: Akhila, Hadiya, Supreme Court, Case,
COMMENTS