സിദ്ധാർത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗതികെട്ട് രാജിവച്ചു പോകുമ്പോഴും സർക്കാരിന് തലവേദനയും അപമാനഭാരവും ...
സിദ്ധാർത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗതികെട്ട് രാജിവച്ചു പോകുമ്പോഴും സർക്കാരിന് തലവേദനയും അപമാനഭാരവും ഒഴിയുന്നില്ല. തന്റെ രാജി താത്കാലികമാണെന്നും സുപ്രീം കോടതി കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കിയാൽ മന്ത്രിക്കസേര തിരിച്ചു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയെന്നും ചാണ്ടി വീമ്പിളക്കുന്നു.
പെൺ വിഷയത്തിൽ രാജിവച്ച എ കെ ശശീന്ദ്രൻ തനിക്കു മുൻപേ നിരപരാധിത്വം തെളിയിച്ചാൽ കസേര അദ്ദേഹത്തിനു കൊടുക്കും. എൻ.സി.പിയുടെ മന്ത്രിക്കസേര ഒഴിച്ചിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുകൊടുത്തുവെന്നും ചാണ്ടി പറഞ്ഞു.
ഇതോടെയാണ് വിഴുപ്പെന്ന് സി പി എം അംഗമായ മന്ത്രി ജി.സുധാകരൻ പറഞ്ഞ തോമസ് ചാണ്ടി രാജിവച്ചിട്ടും മാനക്കേടും അപമാന ഭാരവും സി പി എമ്മിനെയും സർക്കാരിനെയും പിന്തുടരുന്നത്.
മന്ത്രിയുടെ രാജിയുടെ ക്രെഡിറ്റ് എല്ലാം കിട്ടിയതാകട്ടെ സി പി ഐ ക്കും. ചാണ്ടി രാജിവയ്ക്കാതെ മന്ത്രിസഭായോഗത്തിനില്ലെന്ന സി പി ഐ യുടെ നിലപാടാണ് രാജിയിലേക്ക് എത്തിച്ചത്. സി പി ഐ യുടെ കടുംപിടിത്തമാണ് രാജിക്കു കാരണമായതെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.
ഫലത്തിൽ വിഴുപ്പുഭാണ്ഡമായ ചാണ്ടി രാജിവച്ചിട്ടും പാപക്കറ സി പി എമ്മിനും അഭിമാനം സി പി ഐ ക്കുമായി.
COMMENTS