സ്വന്തം ലേഖകന്‍ കൊച്ചി: മന്ത്രി തോമസ് ചാണ്ടി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടും മന്ത്രിയുടെ രാജിക്കാ...
സ്വന്തം ലേഖകന്‍
കൊച്ചി: മന്ത്രി തോമസ് ചാണ്ടി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടും മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഉചിത സമയത്തു തീരുമാനമെടുക്കുമെന്നു മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍, പിന്‍വലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് കോടതി, മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് മന്ത്രിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സര്‍ക്കാരിനെതിരേ എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി ആര്‍ത്തിച്ചു ചോദിച്ചെങ്കിലും മന്ത്രിയുടെ അഭിഭാഷകന് ഉത്തരം നല്കാനായില്ല. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചപ്പോള്‍ അഭിഭാഷകന് മറുപടി നല്കാനുണ്ടായില്ല.
മന്ത്രിയുടെ ഹര്‍ജി അപക്വമാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പ്രതികരിച്ചതോടെ, സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്നു കോടതി പറഞ്ഞു. മന്ത്രി ദന്തഗോപുരത്തില്‍ നിന്നിറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.
കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആ തീരുമാനത്തെ ചോദ്യം ചെയ്ത് മന്ത്രിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്ത് സ്ഥാനത്ത് തുടരാനാണോ ചാണ്ടി ശ്രമിക്കുന്നതെന്നും കോടതിയെ ഇതിന് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇതിനിടെ, കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ മന്ത്രിക്കെതിരേ ഒരു വിഭാഗം നിലപാടെടുത്തെങ്കിലും രാജിക്കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണെന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി തോമസ് ചാണ്ടിക്കൊപ്പമാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. ഇതോടെ, മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനം നീളുമെന്ന് ഉറപ്പായി.
ഹൈക്കോടതി വിധി മന്ത്രിക്കെതിരല്ല. മന്ത്രി അപരാധിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി രാജിവയ്ക്കാന്‍ പറഞ്ഞുവെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ നിലപാട് കളക്ടറെ അറിയിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചതെന്നാണ് പീതാംബരന്‍ പറഞ്ഞത്.
രണ്ട് ജഡ്ജിമാരാണ് വിധി പറഞ്ഞതെന്നിരിക്കെ, വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറയ്ക്കും എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷവുമായിരിക്കും തീരുമാനമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
ഇതേസമയം, കോടതി വലിച്ചു കീറിയിട്ടും മന്ത്രി തുടരുന്നതില്‍ മുന്നണിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.
COMMENTS