സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയില്‍ കായലും പൊതു സ്ഥലവും കൈയേറിയെന്നും നടപടി വേണമെന്നും ജില്ലാ ക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയില്‍ കായലും പൊതു സ്ഥലവും കൈയേറിയെന്നും നടപടി വേണമെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്കിയതോടെ മന്ത്രിയുടെ ഭാവി തുലാസിലായി.
മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല, സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതു പക്ഷേ, മന്ത്രിക്കു ചെറിയൊരു പിടിവള്ളിയാണ്.
ഇതുവരെ സര്‍ക്കാര്‍ മൗനമായി മന്ത്രിയെ പിന്തുയ്ക്കുന്ന നിലപാടിലായിരുന്നു. റിപ്പോര്‍ട്ട് വന്നതോടെ ഇനിയതു നടക്കാത്ത സ്ഥിതിയായിട്ടുണ്ട്. ഇനിയും മന്ത്രിയെ പിന്തുണച്ചാല്‍ അതു വലിയ അപമാനത്തിനിടയാക്കുമെന്ന നിലപാടിലേക്ക് ഇടതു മുന്നണിയിലെ വലിയൊരു വിഭാഗം എത്തിയിട്ടുണ്ട്.
കളക്ടര്‍ ടി.വി. അനുപമ
സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിറുത്തുന്ന സര്‍ക്കാരിനെ അടിക്കാന്‍ നല്ലൊരു വടിയായി യുഡിഎഫും മന്ത്രിക്കെതിരായ റിപ്പോര്‍ട്ടിനെ എടുത്തേക്കും. ഇതോടെ, വരും ദിവസങ്ങളില്‍ പ്രതിപക്ഷവുമായും ഏറ്റുമുട്ടല്‍ രൂക്ഷമാകും.
ഈ അവസ്ഥയില്‍ മന്ത്രിയെ രാജിവയ്പ്പിച്ചു തലയൂരുകയാണ് മുഖ്യമന്ത്രിക്കു മുന്നിലുള്ള പോംവഴി. പക്ഷേ, മന്ത്രിമാര്‍ തുടര്‍ച്ചയായി രാജിവച്ചൊഴിയുന്ന സ്ഥിതി സര്‍ക്കാരിനു മാനക്കേടുണ്ടാക്കുന്നുണ്ട്.
ഇതേസമയം, ഇനി എന്‍സിപിക്കു മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്നും പകരം വിവാദങ്ങളില്‍ നിന്നു മോചിതനായി എത്തിയ ഇപി ജയരാജനു കസേര തിരിച്ചുകൊടുക്കണമെന്നും സിപിഎമ്മില്‍ ഒരു വിഭാഗം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുമുണ്ട്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് രണ്ടു ഭാഗങ്ങളായാണ്. റിസോര്‍ട്ടിനു സമീപത്തെ റോഡ് നിര്‍മാണവും നിലം നികത്തലും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട് ആണ് ആദ്യ ഭാഗത്തില്‍. മാര്‍ത്താണ്ഡം കായലില്‍ നിലം നികത്തിയതിന്റെ നിജസ്ഥിതിയാണ് റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലുള്ളത്.
ഒരു മാസമായി അന്വേഷണത്തിലായിരുന്നു ജില്ലാ കളക്ടറും റവന്യു ഉദ്യോഗസ്ഥരും. കയ്യേറ്റ പ്രദേശങ്ങള്‍ കളക്ടറും സംഘവും പല തവണ സന്ദര്‍ശിച്ചിരുന്നു. രേഖകളുടെ പരിശോധനയ്ക്കായി റിസോര്‍ട്ട് അധികൃതരെയും പാടശേഖര സമിതി അംഗങ്ങളെയും കളക്ടറേറ്റിലേക്ക് വിളിപ്പിച്ചു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായവും തേടിയായിരുന്നു കൈയേറ്റം വിലയിരുത്തിയത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്:
* മന്ത്രിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും റിസോര്‍ട്ടിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണവും നിയമവിരുദ്ധമാണ്.
* റിസോര്‍ട്ടിനു മുന്നിലെ ബോയ സ്ഥാപിക്കാനുള്ള ആര്‍ഡിഒയുടെ അനുമതി പുനപരിശോധിക്കണം.
* മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തി, നടപടി വേണം.
* ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
* 2014നു ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നത്. റിസോര്‍ട്ട് അധികൃതര്‍ തന്നെ കൈയേറ്റം സമ്മതിച്ചിട്ടുണ്ട്.
* റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നതിനാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണം.
Keywords: Lake Palace Resort, Thomas Chandy, TV Anupama, Alappuzha
COMMENTS