ന്യൂഡല്‍ഹി: ഹാദിയ (അഖില) മതംമാറി വിവാഹിതയായതുമയി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന്...
ന്യൂഡല്‍ഹി: ഹാദിയ (അഖില) മതംമാറി വിവാഹിതയായതുമയി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നു. കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റമൊന്നും കണ്ടെത്തിയില്ല. എന്‍ഐഎ അന്വേഷണം ആവശ്യമായിരുന്നുവെങ്കില്‍ കോടതിയെ അറിയിക്കുമായിരുന്നു. തീവ്രവാദ സ്വഭാവമുള്ള ഒന്നും കണ്ടെത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിന് പിന്നില്‍ ലൗ ജിഹാദ് ലക്ഷ്യമായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഹാദിയയുടെ (അഖില) പിതാവ് അശോകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ അന്വേഷണം വേണമെന്ന നിലപാടാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്.
തുടക്കത്തില്‍ എന്‍ഐഎ അന്വേഷണത്തെ കേരളം എതിര്‍ത്തിരുന്നില്ല. രണ്ടാമതും കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് കേരള സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടെടുത്തത്.
അഖില എന്ന ഹാദിയയ്ക്ക് സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു.
COMMENTS