ന്യൂഡല്‍ഹി: രാജ്യമാകെ ഉറ്റുനോക്കിയ, ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയ്ക്ക് ഭാവിയെക്കുറിച്ചു സ്വയം തീരുമാനിക്കാമെന്നു സുപ്ര...
ന്യൂഡല്‍ഹി: രാജ്യമാകെ ഉറ്റുനോക്കിയ, ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയ്ക്ക് ഭാവിയെക്കുറിച്ചു സ്വയം തീരുമാനിക്കാമെന്നു സുപ്രീം കോടതി വിധിച്ചു. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയും ചെയ്തു. അന്ന് ഈ കേസില്‍ വ്യക്തമായ വിധിതീര്പ്പുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് ഫയല്‍ ചെയ്ത് ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുവതിയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമാണെന്ന് തീര്‍ത്തു പറയാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹാദിയയ്ക്ക് അവകാശമുണ്ട്.
വിവാഹം റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നും, കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷെഫിന് ജഹാന് കേസ് ഫയല്‍ ചെയ്തത്.
ഇസ്ലാം മതം സ്വീകരിച്ച് നടത്തിയ വിവാഹം മേയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. നിര്‍ബന്ധിച്ച് മകളെ മതം മാറ്റിയെന്ന് ആരോപിച്ച് അച്ഛന് അശോകന് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
തുടര്‍ന്ന് യുവതിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഈ കേസ് രാജ്യവ്യാപകമായി തന്നെ വലിയ ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സുപ്രീം കോടതിയിലെ വ്യവഹാരം.
COMMENTS