അഭിനന്ദ് ന്യൂഡല്‍ഹി: ചരിത്രപരമായ മറ്റൊരു തീരുമാനത്തിലൂടെ, കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നു സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പാര...
അഭിനന്ദ്
ന്യൂഡല്‍ഹി: ചരിത്രപരമായ മറ്റൊരു തീരുമാനത്തിലൂടെ, കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നു സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടിനെ തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസ് ബന്ധം വേണ്ടെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര കക്ഷികളുമായി ബന്ധമാവാമെന്നായിരുന്നു യെച്ചൂരി നയരേഖ കൊണ്ടുവന്നത്. ഇതിനു ബദല്‍ രേഖയുമായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തു വന്നിരുന്നു. കാരാട്ടിന്റെ നിലപാടിനെ കേരള ഘടകവും ശക്തമായി പിന്തുണച്ചു.
യെച്ചൂരിയുടെ നിലപാടിനെ കേരളത്തില്‍ നിന്നു വിഎസ് അച്യുതാനന്ദനും മന്ത്രി തോമസ് ഐസക്കും ഉള്‍പ്പെടെ ചുരുക്കം പേരാണ് പിന്തുണച്ചത്. എന്നാല്‍, ഭരണം നഷ്ടപ്പെട്ട്, അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ബന്ധമാവാമെന്നു ബംഗാള്‍ ഘടകം ശക്തമായി വാദിച്ചത്.
എന്നാല്‍, കോണ്‍ഗ്രസ് ബന്ധമുണ്ടാക്കിയാല്‍ കേരളത്തില്‍ എങ്ങനെ ജനത്തെ നേരിടുമെന്ന ആശങ്കയുള്ളതിനാല്‍ കേരള ഘടകം ശക്തമായി ഈ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. മാത്രമല്ല, അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് കേരള നേതാക്കള്‍ നിലപാടെടുക്കുകയും ചെയ്തു. ഈ നിലപാടിനായിരുന്നു പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലും പിന്തുണ കിട്ടിയത്.
കേരളത്തെ സംബന്ധിച്ച് ഇതു നല്ല തീരുമാനമാണെങ്കിലും ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമുണ്ടാക്കാന്‍ പോന്നതാണ് ഈ തീരുമാനമെന്നു വ്യക്തമാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്വന്തം നിലയില്‍ നിലനില്പുള്ളത്. ഭരണമുള്ള ത്രിപുരയില്‍ പോലും ബിജെപി കടന്നുകയറിക്കൊണ്ടിരിക്കുകയാണ്.
കാല്‍ നൂറ്റാണ്ടിലേറെ ഭരിച്ച ബംഗാളിലാവട്ടെ തിരിച്ചുവരാനാവാത്ത വിധം പാര്‍ട്ടി തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ഓഫീസുകള്‍ വരെ കൈയേറി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉറഞ്ഞുതുള്ളുമ്പോള്‍ പാര്‍ട്ടിക്കു പിടിച്ചു നില്ക്കാനാവുന്നില്ല.
തമിഴ്‌നാട്, ബീഹാര്‍, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പേരിനു മാത്രമാണ് പാര്‍ട്ടിക്കു സാന്നിദ്ധ്യമുള്ളത്. അവിടെയെല്ലാം പിടിച്ചു നില്്ക്കണമെങ്കില്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ സഹായവും ആവശ്യമാണ്.
ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടമായിരിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് കോണ്‍ഗ്രസ് ബന്ധം ഒഴിവാക്കാനുള്ള തീരുമാനം ഏതു തരത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു കണ്ടുതന്നെ അറിയണം.
Keywords: CPM, CPI-M, Congress, West Bengal, Sitaram Yechuri, Prakash Karat


							    
							    
							    
							    
COMMENTS