കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെയും സെക്രട്ടറി രഞ്ജിത്തിന്റെയും സിനിമകള്‍ക്കു മാത്രം സാറ്റലൈറ്റ് റൈറ്റ്...
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെയും സെക്രട്ടറി രഞ്ജിത്തിന്റെയും സിനിമകള്‍ക്കു മാത്രം സാറ്റലൈറ്റ് റൈറ്റ് കിട്ടുകയും മറ്റുള്ളവരുടെ ചിത്രങ്ങള്‍ വര്‍ഷങ്ങളായി പെട്ടിയിലിക്കുകയും ചെയ്യുന്നതിനെതിരേ നിര്‍മാതാക്കള്‍ രംഗത്ത്. ഇതോടെ, നിര്‍മാതാക്കളുടെ സംഘടനയില്‍ രൂക്ഷമായ പ്രതിസന്ധി ഉടലെടുക്കുന്നതായും സൂചന.
സുരേഷ് കുമാര്‍ നിര്‍മിക്കുകയും എട്ടു നിലയില്‍ പൊട്ടുകയും ചെയ്ത മാച്ച് ബോക്‌സ് എന്ന ചിത്രത്തിന്റെ അവകാശം ഭേദപ്പെട്ട തുകയ്ക്ക് ഏഷ്യാനെറ്റ് എടുത്തതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.
നന്നായി ഓടിയ ചിത്രങ്ങളും നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങളും ചാനലുകള്‍ അവഗണിച്ചു തള്ളുമ്പോഴാണ് സംഘനടാ നേതാക്കളുടെ ചിത്രങ്ങള്‍ക്കു മാത്രം സാറ്റലൈറ്റ് അവകാശം കിട്ടുന്നത്.
മൂന്നുനാലു വര്‍ഷമായി ചിത്രങ്ങളെടുക്കുന്നതിനു പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് ചില നിര്‍മാതാക്കള്‍ പറയുന്നത്. നാലു വര്‍ഷം മുന്‍പ് നിര്‍മാതാക്കളുടെ സംഘടന നറുക്കിട്ട് 25 ചിത്രങ്ങള്‍ ചാനലുകളുടെ സംഘടനയായ കെടിഎഫിനു ശുപാര്‍ശ ചെയ്തിരുന്നു. അതില്‍ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടു ചിത്രങ്ങള്‍ വന്നുവെന്ന കാരണം പറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു. അതില്‍ പിന്നെ ചിത്രങ്ങള്‍ക്കു സാറ്റലൈറ്റ് കിട്ടുന്നത് പിന്‍വാതിലൂടെയുള്ള ഇടപെടലുകള്‍ വഴിയായിരുന്നു.
ഇതേസമയം, പുതിയൊരു ചിത്രം ഒരാള്‍ക്ക് എടുക്കണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടന പറയുന്ന തുക കെട്ടിവച്ച് അതില്‍ അംഗത്വമെടുക്കുകയും വേണം.
കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് അഭിനയിച്ച വെള്ളിവെളിച്ചത്തില്‍ എന്ന ചിത്രം ഇതുപോലെ തീയറ്ററില്‍ നിന്നു മൂന്നാം ദിവസം പോയതായിരുന്നു. എന്നാല്‍, കോടികള്‍ നല്കി ഏഷ്യാനെറ്റ് ഈ ചിത്രം എടുത്തതും അന്നു വലിയ വാര്‍ത്തായിയിരുന്നു. ഇതിനു പിന്നിലാകട്ടെ, ബ്രിട്ടാസിന്റെ സ്വാധീനമായിരുന്നു. ഇങ്ങനെ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എടുക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളാകട്ടെ ആര്‍ക്കും വേണ്ടാതെയിരിക്കുന്നു, അവയുടെ നിര്‍മാതാക്കള്‍ നിലയില്ലാക്കയത്തിലും.
നിര്‍മാതാവ് കണ്ണന്‍ പെരുമുടിയൂരാണ് പരസ്യനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ, സംവിധായകന്‍ വിനയനും പിന്തുണയുമായി എത്തി. മറ്റു പലരും പരസ്യമായി അല്ലെങ്കിലും പിന്തുണ അറിയിക്കുന്നുണ്ട്.
കണ്ണന്‍ പറയുന്നു: അമ്പതു ദിവസം ഓടിയ ചിത്രങ്ങളും ആര്‍ട്ടിസ്റ്റുള്ള ചിത്രങ്ങളും ദേശീയ അവാര്‍ഡു നേടിയ ചിത്രങ്ങളും എടുക്കാത്ത ഏഷ്യാനെറ്റ് സുരേഷ് കുമാറിന്റെ ഒന്നിനും കൊള്ളാത്ത ഒരു പടം എടുത്തെങ്കില്‍ അത് ഈ സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ പ്രസിഡന്റ് പദവി ഉപയോഗിച്ചുകൊണ്ട് സുരേഷ്‌കുമാറും അദ്ദേഹത്തിനു കൂട്ടുനിന്ന ഏഷ്യാനെറ്റും ചേര്‍ന്ന് പരിഹസിക്കുകയാണ്. ഇത്തരം അധാര്‍മ്മികത ചോദ്യം ചെയ്യേണ്ടതാണ്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടസമയം അവസാനിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. ഇപ്പോഴും പഴയ അധികാരം ഉപയോഗിച്ചാണ് സുരേഷ് കുമാറിന്റെയും രഞ്ജിത്തിന്റെയും ഭരണം. പുറമെ സെന്‍സര്‍ ബോര്‍ഡ് മെമ്പറായി സുരേഷ് കുമാറിന് വേണ്ടപ്പെട്ടവരുടെ ലിസ്റ്റാണ് അയച്ചുകൊടുത്തത്.
അധികാരത്തില്‍ കടിച്ചു തൂങ്ങി വര്‍ഷങ്ങളായി ഇറങ്ങാതിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്. ഫിലിം ചേമ്പറിന് ഈ ചാനലുകാരെ നിലക്കു നിര്‍ത്താന്‍ കഴിയില്ലേ.
ഒന്നിനും കൊള്ളാത്ത, ഒരുപ്രതികരണ ശേഷിയും ഇല്ലാത്ത പ്രൊഡ്യൂസേഷ്‌സ് അസ്സോസിയേഷനിലെ അംഗങ്ങളായി ഞാനുള്‍പ്പടെയുളളവര്‍ മാറിയിരിക്കുന്നു എന്ന കുറ്റബോധം ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഇതെല്ലാം പറയുന്നത്.
എന്നാല്‍, അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ് സുരേഷ് കുമാറിന്റെ ഈ പ്രവൃത്തിയെന്നും ഒരു മന്ത്രി ആ പദവി ഉപയോഗിച്ച് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനു തുല്യമാണിതെന്നും കണ്ണന്‍ പെരുമുടിയുറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി.
ഇത്തരം അനീതിക്ക് കുടപിടിച്ച് പരസ്പരം സഹായിക്കുന്ന ഒരു വിഭാഗം സീനിയര്‍ നിര്‍മ്മാതാക്കള്‍ കേരളത്തിലുണ്ട്. ഇതു നിര്‍ഭാഗ്യകരമായ കാര്യമാണ്. കണ്ണന്‍ പെരുമുടിയൂര്‍ ഇത്തരം ഒരാരോപണം പോസ്‌ററ് ചെയ്തപ്പോള്‍ തന്നെ സീനീയര്‍ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ ഗ്രൂപ്പില്‍ നിന്നു ലെഫ്റ്റ് അടിച്ചതായി കണ്ടുവെന്നും വിനയന്‍ പറഞ്ഞു.
തെറ്റു ചെയ്യുന്നത് ചൂണ്ടി കാണിക്കുന്നതു പോലും സഹിക്കാന്‍ കഴിയുന്നില്ല പലര്‍ക്കും. സ്വയം പ്രതികരിക്കാനുള്ള ശക്തി ആര്‍ജ്ജിക്കാതെ നിര്‍മ്മാതാക്കള്‍ക്ക് ഇനി നീതി ലഭിക്കില്ലെന്നും അതുവരെ ഈ വക ചൂഷണങ്ങള്‍ തുടരുമെന്നും വിനയന്‍ തുടരുന്നു.
Keywords: Cinema, Suresh Kumar, Kannan Perumudiyoor, Match Box
COMMENTS