ഇന്നു സമര്‍പ്പിച്ച തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാവും വിധി. ദിലീപിന് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്നും അതു കേസന്വേഷണത്തെ പ്രതികൂലമ...
ഇന്നു സമര്‍പ്പിച്ച തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാവും വിധി. ദിലീപിന് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്നും അതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേയ്ക്കു മാറ്റി. ഇന്നു ദിലീപിനെതിരേ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയ പശ്ചാത്തലത്തിലാണ് വിധി പറയുന്നത് നാളത്തേയ്ക്കു മാറ്റിയത്.ഇന്നു സമര്‍പ്പിച്ച തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാവും വിധി. ദിലീപിന് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്നും അതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിനു വ്യക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ദിലീപിനെതിരേ പുതുതായി ഒരു തെളിവുമിലല്ലെന്നും സ്ഥിരം കുറ്റവാളിയായ പള്‍ സുനി എന്ന സുനില്‍ കുമാര്‍ പറയുന്നതാണ് അന്വേഷക സംഘത്തിനു വേദവാക്യമെന്നും പ്രതിഭാഗം വാദിച്ചു. സുനിയെ ദൈവത്തെ പോലെ കണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷക സംഘം മുന്നോട്ടു പോകുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വാദിച്ചു.
ഒന്നര മണിക്കൂര്‍ നീണ്ട വാദത്തില്‍ അന്വേഷക സംഘത്തെ രാമന്‍ പിള്ള നിശിതമായി വിമര്‍ശിച്ചു. ഏതു വിധത്തിലും ദിലീപിനെ വിചാരണത്തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാമന്‍ പിള്ള പറഞ്ഞു.
മൂന്നാം വട്ടമാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നത്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു പോലും ദിലീപിന്റെ കുറ്റമായാണ് അന്വേഷക സംഘം വരുത്തിത്തീര്‍ക്കുന്നത്. ഇക്കാരണം പറഞ്ഞാണ് ഓരോ തവണയും ജാമ്യം നിഷേധിക്കുന്നത്. സംഭവം നടന്ന് ഏഴു മാസമായിട്ടും സെല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് ആരുടെ കുറ്റമാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടത് അന്വേഷക സംഘത്തിന്റെ ജോലിയാണെന്നും രാമന്‍ പിള്ള വാദിച്ചു.
വിവരങ്ങള്‍ ഒന്നും തന്റെ കക്ഷിയെ പൊലീസ് അറിയിക്കുന്നില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഒരു വിവരവുമില്ല. കാര്യങ്ങള്‍ അറിയാന്‍ പ്രതിക്കും അവകാശമുണ്ട്. ഈ അവകാശം പോലും പൊലീസ് നിഷേധിക്കുന്നുവെന്നും രാമന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ഈ ഹര്‍ജി ഫയല്‍ ചെയ്ത വേളയില്‍, സാഹചര്യങ്ങളില്‍ മാറ്റമൊന്നുമില്ലല്ലോ, പിന്നെയെന്തിനാണ് വീണ്ടും ജാമ്യ ഹര്‍ജിയുമായി വന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ ചോദ്യത്തിന്റെ ഉള്ളടക്കം മനസ്സിലാക്കി, സര്‍വവിധ തയ്യാറെടുപ്പോടും കൂടിയാണ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള കോടതിയില്‍ എത്തിയത്. പക്ഷേ, അദ്ദേഹത്തിന്റെ വാദങ്ങളെ എങ്ങനെ പ്രോസിക്യൂഷന്‍ ഖണ്ഡിക്കുന്നു എന്നതനുസരിച്ചിരിക്കും ദിലീപിനു ജാമ്യം കിട്ടുന്നത്.
അങ്കമാലി മജിസ്‌ട്രേട്ട് കോടതി രണ്ടാം വട്ടവും ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ തിരക്കിട്ടു സമീപിച്ചത്. ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ മിക്കവാറും വിചാരണത്തടവുകാരനായി ദിലീപിന് അകത്തു കിടക്കേണ്ടി വരും. പിന്നെ വിചാരണ കഴിയാതെ പുറത്തിറങ്ങാനാവില്ല. ഇതു മുന്നില്‍ക്കണ്ടാണ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
നടിയുടെ നഗ്‌ന ചിത്രം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതുമാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. മാത്രമല്ല, ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍, ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. എന്നാല്‍, ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് നടനു വിനയായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. ഒക്ടോബര്‍ ഏഴിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
COMMENTS