കൊച്ചി: വന്‍ സുരക്ഷയ്ക്കും കാഴ്ചക്കാരുടെ പ്രളയത്തിനും നടുവില്‍ നടന്‍ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മട...
കൊച്ചി: വന്‍ സുരക്ഷയ്ക്കും കാഴ്ചക്കാരുടെ പ്രളയത്തിനും നടുവില്‍ നടന്‍ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി.
രാവിലെ ദിലീപ് എത്തുമ്പോള്‍ തന്നെ കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എത്തിയ ഉടന്‍ കര്‍മങ്ങള്‍ നടത്തി. വീട്ടിലും ആലുവ മണപ്പുറത്തുമായിട്ടായിരുന്നു ചടങ്ങുകള്‍. എന്നാല്‍ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മാത്രമാണ് ദിലീപിന് അനുമതി കിട്ടിയത്.
രാവിലെ എട്ടു മുതല്‍ 10 വരെ രണ്ടു മണിക്കൂര്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് അങ്കമാലി മജിസ്‌ട്രേട്ടു കോടതി അനുവാദം നല്‍കിയത്. രാവിലെ ഏഴു മുതല്‍ 11.45 വരെ വീട്ടിലും തുടര്‍ന്ന് ആലുവ മണപ്പുറത്തുമായിട്ടാണ് ശ്രാദ്ധച്ചടങ്ങുകള്‍. എന്നാല്‍, രാവിലെ എട്ടു മുതല്‍ 10 വരെ ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കോടതി കൊടുത്തത്.
ദിലീപിനെ കാണുന്നതിന് നൂറുകണക്കിനു പേരാണ് വീടിനു ചുറ്റും തടിച്ചുകൂടിയിരുന്നത്. നേരത്തേ കോടതിയില്‍ എത്തിക്കാന്‍ കൊണ്ടുവന്ന സമയത്തുള്ളതുപോലെ കൂക്കിവിളിയൊന്നുമുണ്ടായില്ല. ഇത്തവണ കൂടിയവരില്‍ അധികവും ദിലീപ് ഫാന്‍സ് അസോസിയേഷന്‍കാരായിരുന്നു.
ഫാന്‍സുകാര്‍ ദിലീപിന് അനുകൂല പ്രകടനം നടത്തുമെന്ന വിവരത്തെ തുടര്‍ന്നു പൊലീസ് ജാഗ്രതയിലായിരുന്നു.
മാധ്യമങ്ങളെ കാണില്ലെന്ന ഉറപ്പിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ചടങ്ങിനുശേഷം എത്രയും വേഗം നടനെ ജയിലില്‍ തിരിച്ചെത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ശ്രാദ്ധമൂട്ടിയ ശേഷം പുഴയില്‍ മുങ്ങുന്നതിനും വിലക്കുണ്ടായിരുന്നു.
ചടങ്ങില്‍ ദിലീപിന്റെ അമ്മ, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സഹോദരനും സഹോദരിയും തുടങ്ങി ബന്ധുക്കളെല്ലാവരുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം വീട്ടുകാര്‍ക്കൊപ്പം ആഹാരവും കഴിച്ചാണ് ദിലീപ് മടങ്ങിയത്. വീട്ടിനു ചുറ്റും കൂടിനിന്നവര്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നു.
ആലുവ ഡിവൈ എസ്പിക്കായിരുന്നു സുരക്ഷാ ചുമതല. ഇരുനൂറോളം പൊലീസുകാര്‍ സുരക്ഷയ്ക്കായുണ്ടായിരുന്നു.
COMMENTS