വത്തിക്കാന്‍ സിറ്റി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തി. കുറച്ചു ദിവസത്തെ വിശ്രമത്തിനു...
വത്തിക്കാന്‍ സിറ്റി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തി. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം നാട്ടിലെത്തുമെന്ന് വത്തിക്കാനില്‍ നിന്ന് ഇന്ത്യയില്‍ അറിയിപ്പു കിട്ടി.
ബംഗളുരുവിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്താണ് അദ്ദേഹം വത്തിക്കാനിലെത്തിയ വിവരത്തിനു സന്ദേശമെത്തിയത്. പതിനെട്ടു മാസത്തിനു ശേഷമാണ് അദ്ദേഹം മോചിതനായത്. ഒമാന്‍ സുല്‍ത്താന്റെ ഇടപെടലാണ് മോചനത്തിനു വഴി തുറന്നത്. മോചിതനായി റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്കറ്റിലെത്തിയ ഫാ. ഉഴുന്നാലില്‍ അവിടെനിന്നു വത്തിക്കാനിലേക്കു പോവുകയായിരുന്നു.
മിഷനറീസ് ഒഫ് ചാരിറ്റീസ് യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം 2016 മാര്‍ച്ച് നാലിന് ആക്രമിച്ച് ഭീകരര്‍ നാലു കന്യാസ്ത്രീകളെയും ആറ് എത്യോപ്യക്കാരെയും ആറ് യെമന്കാരെയും വധിച്ച ശേഷമാണ് ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
പലവട്ടം ഫാ. ടോമിന്റെ വീഡിയോകള്‍ ഭീകരര്‍ പുറത്തുവിട്ടെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമെല്ലാം ഇടപെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
യെമനില്‍ ഇന്ത്യന്‍ എംബസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതായിരുന്നു മോചനത്തില്‍ ഏറ്റവും വലിയ തടസ്സമായത്. തുടര്‍ന്നാണ് വിദേശ സര്‍ക്കാരുകളുടെ സഹായം കേന്ദ്രം തേടിയത്.
സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമാണ് ഫാദര്‍ ടോം. ഭീകരരുടെ പിടിയില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് അറിയുന്നത്.
Keywords: Fr. Tom Uzhunnalil, Vatican, Yemen, Oman
COMMENTS